ന്യൂഡല്‍ഹി: ചലച്ചിത്രാചാര്യന്‍ കെ. വിശ്വനാഥ്മുതല്‍ മലയാളത്തിന്റെ കുരുന്നുതാരം ആദിഷ് പ്രവീണ്‍വരെ അണിനിരന്ന പ്രൗഢസന്ധ്യയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബുധനാഴ്ച വൈകീട്ട് വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ചലച്ചിത്രപ്രതിഭകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

മലയാളത്തിന്റെ 10 പ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അഭിനയത്തിനുള്ള പ്രത്യേകപരാമര്‍ശം നേടിയ മോഹന്‍ലാല്‍, മികച്ച നടി സുരഭി ലക്ഷ്മി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ബാലതാരം ആദിഷ് പ്രവീണ്‍, മികച്ച മലയാള ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍, നിര്‍മാതാവ് ആഷിക് അബു, മികച്ച ശബ്ദലേഖകന്‍ ജയദേവന്‍, സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍, ഹ്രസ്വചിത്രവിഭാഗത്തില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശം നേടിയ സൗമ്യസദാനന്ദന്‍, മികച്ച ശബ്ദലേഖകന്‍ അജിത് അബ്രഹാം ജോര്‍ജ് എന്നിവര്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കി.

മികച്ച നടന്‍ അക്ഷയ് കുമാര്‍, മികച്ച ചിത്രമായ കസവിന്റെ സംവിധായകര്‍ സുമിത്രാ ഭാവെ, സുനില്‍ സുക്താങ്കര്‍, ഗാനരചയിതാവ് വൈരമുത്തു, മികച്ച സംവിധായകന്‍ രാജേഷ് മാപുസ്‌കര്‍, ഛായാഗ്രാഹകന്‍ എസ്. തിരുനാവക്കരശ്, സഹനടി സൈറ വാസിം, ഗായകന്‍ സുന്ദരയ്യര്‍, ഗായിക ഇമാന്‍ ചക്രവര്‍ത്തി, അഭിനയത്തിന് പ്രത്യേക പരാമര്‍ശം നേടിയ സോനം കപൂര്‍ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മുതിര്‍ന്ന തെലുങ്ക്-തമിഴ്-ഹിന്ദി ചലച്ചിത്രസംവിധായകന്‍ കെ. വിശ്വനാഥിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആദരിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, വിധിനിര്‍ണയ സമിതി അധ്യക്ഷന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.