ന്യൂഡൽഹി: ഇരുപതാണ്ടുമുമ്പ് കശ്മീരിലെ മലനിരകളിൽ നുഴഞ്ഞുകയറിയ പാകിസ്താൻ പട്ടാളത്തെ തുരത്തി വെന്നിക്കൊടി പാറിച്ചതിന്റെ ഓർമ ഇന്ത്യ വെള്ളിയാഴ്ച പുതുക്കി. കാർഗിലിലെ മരംകോച്ചുന്ന തണുപ്പിൽ മൂന്നുമാസം നീണ്ട യുദ്ധത്തിനൊടുവിൽ 1999 ജൂലായ് 26-നാണ് ഇന്ത്യൻ സൈന്യം ജയം നേടിയത്. ‘ഓപ്പറേഷൻ വിജയ്’ എന്നുപേരിട്ട ആ യുദ്ധത്തിൽ 500 പട്ടാളക്കാർ രക്തസാക്ഷികളായി.

കാർഗിൽ ധീരർക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. പാർലമെന്റിന്റെ ഇരുസഭകളിലും അനുസ്മരണം നടന്നു. കാർഗിൽ രക്തസാക്ഷികളുടെ അചഞ്ചലമായ ധീരതയും ജീവത്യാഗവുമാണ് രാജ്യത്തിന്റെ സുരക്ഷയും പാവനതയും ഉറപ്പാക്കിയതെന്നു രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയോടു പൊരുതാൻ പാകിസ്താനാകില്ലെന്നും വെറും നിഴൽയുദ്ധം നടത്താനേ കഴിയൂവെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. ഇന്ത്യയിലെ സൈനികരുടെ ധീരതയെയും സമർപ്പണത്തെയും ഓർമിപ്പിക്കുന്നതാണ് കാർഗിൽ വിജയദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കരസേനാ മേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ മാർഷൽ ബി.എസ്. ധനോവ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് എന്നിവർ ജമ്മുകശ്മീരിലെ ദ്രാസിലുള്ള കാർഗിൽ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലിയർപ്പിച്ചു. രാഷ്ട്രപതി വരുമെന്ന് അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാൽ എത്തിയില്ല. കശ്മീരിലെ ബാദാമിബാഗിലുള്ള കരസേനാ ചിനാർ കോറിന്റെ ആസ്ഥാനത്ത് അദ്ദേഹം രക്തസാക്ഷികൾക്കു പ്രണാമമർപ്പിച്ചു.

*’ഞങ്ങളുടെ രക്തസാക്ഷികളുടെയും വീരന്മാരുടെയും ധൈര്യത്തിനും ശൗര്യത്തിനും ത്യാഗത്തിനും ഞങ്ങൾ വന്ദനം പറയുന്നു’വെന്ന് കരസേന പ്രസ്താവനയിൽ അറിയിച്ചു.

‘ഓപ്പറേഷൻ വിജയി’ലൂടെ കരസേന തിരിച്ചടിച്ചപ്പോൾ ‘ഓപ്പറേഷൻ സഫേദ് സാഗറി’ലൂടെ വ്യോമസേനയും പങ്കാളികളായി. മിറാഷ്-2000 യുദ്ധവിമാനങ്ങളാണ് യുദ്ധത്തിൽ നിർണായകപങ്കു വഹിച്ചത്. ടൈഗർ ഹില്ലിലെ ശത്രുകേന്ദ്രങ്ങളിൽ ബോംബിടാനുപയോഗിച്ചത് ഈ വിമാനങ്ങളാണ്.

*യുദ്ധസമയത്ത് കാർഗിലിൽ പോയതിന്റെയും സൈനികരുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബി.ജെ.പി.ക്കുവേണ്ടി ജമ്മുകശ്മീരിലും ഹിമാചൽപ്രദേശിലും പ്രവർത്തിക്കുമ്പോഴാണ് കാർഗിൽ സന്ദർശിച്ചതെന്ന് ട്വീറ്റിൽ പറഞ്ഞു.

*കാർഗിൽ വിജയാഘോഷവുമായി ബന്ധപ്പെട്ടുനടക്കുന്ന മരംനടീൽ യജ്ഞത്തിന്റെ ഭാഗമായി പാർലമെന്റ് വളപ്പിൽ പ്രധാനമന്ത്രി രുദ്രാക്ഷത്തൈ നട്ടു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, പ്രകാശ് ജാവഡേക്കർ, വി. മുരളീധരൻ, വിവിധ കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു.

*കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാർഗിൽ ധീരർക്ക് ആദരാഞ്ജലിയർപ്പിച്ചു.

യുദ്ധത്തിനുവന്നാൽ മൂക്കിടിച്ച് തകർക്കും- കരസേനാ മേധാവി

ദ്രാസ്: ഇന്ത്യയോട് ഇനിയൊരു യുദ്ധത്തിനു മുതിർന്നാൽ മൂക്കിടിച്ചുതകർക്കുമെന്ന് പാകിസ്താനു കരസേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. കാർഗിൽ വിജയദിനത്തിൽ പാകിസ്താനുള്ള സന്ദേശമെന്താണെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അണയുന്ന നാളം ആളിക്കത്തിക്കാനുള്ള ആശയറ്റ ശ്രമമാണു കശ്മീരിൽ പാകിസ്താൻ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ ഭീകരർക്കു പരിശീലനം ലഭിക്കുന്നുണ്ടെന്നും അവിടെ ഭീകരരുടെ താവളങ്ങളുണ്ടെന്നും ലോകത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: India on Friday commemorated 20 years of its victory over Pakistan in the Kargil War