മുംബൈ: ഉത്തര്‍പ്രദേശില്‍നിന്ന് മുംബൈയിലേക്ക് കടത്തിയ ആയുധശേഖരം പിടിച്ചെടുത്ത കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി.

ആയുധം കടത്തിയ വണ്ടിയിലുണ്ടായിരുന്ന യുവാവും ആയുധക്കടത്തിനുപയോഗിച്ച വാഹനം മോഷ്ടിച്ചതില്‍ പങ്കുള്ളയാളുമാണ് മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച വണ്ടിയുപയോഗിച്ചായിരുന്നു ആയുധക്കടത്ത്.

ഉത്തര്‍പ്രദേശിലെ ആയുധവില്‍പ്പനശാല കൊള്ളയടിച്ചെത്തിയ മൂന്നൂപേര്‍ വെള്ളിയാഴ്ച നാസിക്കിലാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച വണ്ടിയില്‍ അഞ്ചുപേരുണ്ടായിരുന്നെന്നും രണ്ടുപേര്‍ രക്ഷപ്പെട്ടെന്നുമാണ് പോലീസ് കരുതുന്നത്. അതില്‍പ്പെട്ട അമീര്‍ റഫീഖ് ശൈഖ് എന്ന അമീര്‍ ലാംഗ്ഡ(25)യെയാണ് മുംബൈക്കടുത്ത് ശിവ്ഡിയില്‍ തിങ്കളാഴ്ച മുംബൈ പോലീസ് അറസ്റ്റുചെയ്തത്. മുംബൈ ഗ്രാന്‍ഡ് റോഡില്‍ ആക്രിവില്‍പ്പന നടത്തുന്ന സല്‍മാന്‍ ഖുറേഷിയെ (26) ആയുധം കടത്താനുപയോഗിച്ച വാഹനം മോഷ്ടിച്ചതിന് അറസ്റ്റുചെയ്തു. ആയുധക്കടത്തുമായി ഖുറേഷിക്ക് ബന്ധമില്ലെന്നാണ് കരുതുന്നത്.

ആയുധം കടത്താനുപയോഗിച്ച വാഹനത്തിന്റെ ഉടമ ഫിറോസ് ഖാനെ (53) പോലീസ് ചോദ്യംചെയ്തിരുന്നു. വാഹനം മോഷ്ടിച്ച വിവരം അറിയിച്ചിട്ടും അംബോലി പോലീസ് കേസെടുക്കാന്‍ വിമുഖതകാണിക്കുകയാണുണ്ടായതെന്ന് ഖാന്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ചതിന് അംബോലി പോലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാവും.

നാസിക്കിലെ രാജേന്ദ്ര ബന്‍സോഡേ (23), മുംബൈ വഡാലയിലെ സല്‍മാന്‍ അമാനുള്ള ഖാന്‍ (19), സിവ്ഡിയലെ ബദറുദ്ദീന്‍ ജുമാന്‍ ബാദ്ഷാ (21) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവരില്‍നിന്ന് 25 റൈഫിളും 17 റിവോള്‍വറും 4136 തിരകളുമാണ് പിടിച്ചെടുത്തത്. ഭീകരസംഘടനകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് സൂചന. എന്നാല്‍, അധോലോക സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്.