ബെംഗളൂരു: വിള്ളൽ വീണ പാലം പരിശോധിക്കാനെത്തിയ ജെ.ഡി.എസ്. എം.എൽ.എ. രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എം.എൽ.എ. നിന്നിരുന്ന പാലത്തിന്റെ ഒരുഭാഗം അപ്രതീക്ഷിതമായി തകർന്നുപോവുകയായിരുന്നു. കർണാടക റായ്ച്ചൂർ ജില്ലയിലെ സിർവാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് പാലത്തിൽ വിള്ളൽ വീണത്. ഇതു പരിശോധിക്കാനെത്തിയതായിരുന്നു എം.എൽ.എ. ഒപ്പം ഒട്ടേറെ പ്രദേശവാസികളും പാലത്തിൽ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. ഉടൻതന്നെ ആളുകൾ പുറകോട്ടു മാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിന്റെ തകർന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എം.എൽ.എ. നിന്നിരുന്നത്. എം.എൽ.എ.യെയും പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. റായ്ച്ചൂരിലെ മൻവി മണ്ഡലത്തിലെ എം.എൽ.എ.യായ രാജ വെങ്കട്ടപ്പ് 2018-ൽ കോൺഗ്രസിലെ ഹംപയ്യ നായക്കിനെയാണ് പരാജയപ്പെടുത്തിയത്.