അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിന് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിൽ പരമാവധി വെള്ളം ശേഖരിച്ചപ്പോള്‍ മധ്യപ്രദേശില്‍ മുങ്ങിയത് 192 ഗ്രാമങ്ങള്‍. ഇതോടെ ദുരിതക്കയത്തിലായ ജനങ്ങൾ വൻപ്രതിഷേധവുമായി ഇറങ്ങി.
‘‘മോദിക്ക് ദീര്‍ഘായുസ്സ് നേരുന്നു. പക്ഷേ, അതേ അവകാശം മറ്റുള്ളവര്‍ക്കും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു...” മധ്യപ്രദേശിലെ ബര്‍വാനില്‍ നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ പറഞ്ഞു. ആയിരങ്ങൾ മുങ്ങുമ്പോൾ ഒരാൾക്കുവേണ്ടിമാത്രം അണക്കെട്ടിൽ വെള്ളം നിറയ്ക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
ഗുജറാത്തില്‍ ഒരുവര്‍ഷത്തെ ആവശ്യത്തിനുള്ള വെള്ളം അണക്കെട്ടില്‍ സെപ്റ്റംബര്‍ ആദ്യംതന്നെ എത്തിയിരുന്നു. പക്ഷേ, പരമാവധിയായ 138.68 മീറ്റര്‍ ഉയരത്തില്‍ ശേഖരിച്ചാലെ അണക്കെട്ടിന്റെ ശേഷി നേരിട്ടറിയാനാവൂ എന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി വാദിച്ചത്. ഇതിനാല്‍ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം കുറച്ചു. ഒക്ടോബറോടുകൂടിയേ പൂര്‍ണ ശേഷിയെത്തൂവെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിനായി ചൊവ്വാഴ്ച തന്നെ ഈ നിരപ്പിലേക്ക് വെള്ളം ഉയർത്തിയെന്നാണ് പുനരധിവാസത്തിനായി പ്രക്ഷോഭം നടത്തുന്ന മേധാ പട്കറുടെ ആരോപണം. കഴിഞ്ഞദിവസം മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ഇതേ ആക്ഷേപം ഉന്നയിച്ചിരുന്നു.
ബര്‍വാനി, ധര്‍, അലിരാജപുര്‍, ഖര്‍ഗോണ്‍ ജില്ലകളിലായി 192 ഗ്രാമങ്ങളും ഒരു പട്ടണവുമാണ് മുങ്ങിയതെന്ന് മേധ നയിക്കുന്ന നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകന്‍ ഹിംഷി സിങ് പറഞ്ഞു. ഈ മേഖലകളിലെ 32,000 കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തിയാകാതെ ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കരുതെന്നായിരുന്നു ആവശ്യം. മധ്യപ്രദേശിലെ പെരുമഴയും ദുരിതം ഇരട്ടിയാക്കി. ഡാമിന്റെ ഗുണങ്ങള്‍ ഗുജറാത്തിന് കിട്ടുമ്പോള്‍ ദുരിതം മുഴുവന്‍ മധ്യപ്രദേശിനാണെന്ന് ഇവര്‍ പറഞ്ഞു. പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പാലിച്ചില്ല. സെപ്റ്റംബര്‍ ഒമ്പതിന് കമല്‍നാഥ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുപ്രകാരമുള്ള പുനരധിവാസ ജോലികളും ആരംഭിച്ചിട്ടില്ല. ദുരിതബാധിതര്‍ നര്‍മദയിലെ കസര്‍വാഡ് പാലത്തില്‍ ധര്‍ണയിരിക്കുകയാണ്. അണക്കെട്ട് നിറച്ച ദിവസം ‘ധിക്കാര്‍ ദിന്‍’ ആയി ഇവര്‍ ആചരിച്ചു.
അതേസമയം ഡാം നിറഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയ പ്രചാരണ വീഡിയോയില്‍ മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവരെ വികസന വിരോധികളും ഗുജറാത്തിലെ കര്‍ഷകരുടെ എതിരാളികളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
content highlights: Dam filled for one person’: Medha Patkar criticises Modi after Narmada dam’s water level is raised