ന്യൂഡല്‍ഹി: വനിതകള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന 'നാരി പോര്‍ട്ടല്‍' വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തലത്തിലുള്ള വനിതാ പദ്ധതികള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും www.nari.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. നിലവില്‍ 350 പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. അറിവില്ലാത്തതിനാല്‍ അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ക്ക് നഷ്ടമാകുകയാണെന്ന് മേനകാ ഗാന്ധി പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പുനരധിവാസം, അതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണം, സാമൂഹിക പിന്തുണ, ശാക്തീകരണം തുടങ്ങി ഏഴ് വിഭാഗങ്ങളായാണ് പദ്ധതികളെ തരംതിരിച്ചിട്ടുള്ളത്. കൂടാതെ പോഷകാഹാരം, വൈദ്യപരിശോധനകള്‍, സമ്പാദ്യം, നിയമസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളും തൊഴിലന്വേഷകര്‍ക്കുള്ള നിര്‍ദേശങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍.ജി.ഒ.കള്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെടാന്‍ ഇ-സംവാദ് എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പരാതികള്‍, നേട്ടങ്ങള്‍ എന്നിവ ഈ സൈറ്റുവഴി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

മനുഷ്യക്കടത്ത് ബില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ബില്‍ ഇപ്പോള്‍ മന്ത്രിതലസമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ വര്‍ഷംമുതല്‍ പ്രധാനമന്ത്രി മാതൃവന്ദന യോജനപ്രകാരം അമ്മമാര്‍ക്കുള്ള സാമ്പത്തികാനുകൂല്യം ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

അപായ ബട്ടണ്‍ 26 മുതല്‍

ജനുവരി 26 മുതല്‍ മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ (അപായ ബട്ടണ്‍) പരീക്ഷണാര്‍ഥം ആരംഭിക്കുമെന്ന് മേനകാ ഗാന്ധി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശിലായിരിക്കും ഇത് പരീക്ഷിക്കുക. 2016 ഏപ്രിലിലെ ഉത്തരവനുസരിച്ച് 2017 ജനുവരിമുതല്‍ വിപണിയിലിറക്കുന്ന മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം. പ്രാദേശിക പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവന്നാല്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കും.