ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജി.എസ്.ടി.) സത്യസന്ധതയുടെയും ആത്മാർഥതയുടെയും ആഘോഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജി.എസ്.ടി.യെന്ന് മാസംതോറുമുള്ള റേഡിയോ പ്രഭാഷണ പരമ്പരയായ ‘മൻ കി ബാത്തി’ൽ അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം, ഒരു നികുതി എന്ന ജനങ്ങളുടെ സ്വപ്നമാണ് ജി.എസ്.ടി.യിലൂടെ യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വിജയമാണിത്. രാജ്യതാത്പര്യം മുൻനിർത്തി ജി.എസ്.ടി. നടപ്പാക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് നിന്നു. ജി.എസ്.ടി.ക്കുമുമ്പ് രാജ്യത്ത് 17 തരം നികുതികളുണ്ടായിരുന്നു. ഇപ്പോൾ ഒരൊറ്റ നികുതി മാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അക്രമവും ഹിംസയും മനുഷ്യരുടെ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ അനുസ്മരിച്ച് മോദി പറഞ്ഞു. സമാധാനവും അഹിംസയുമാണ് നിലനിൽക്കുക.

അന്താരാഷ്ട്ര യോഗ ദിനത്തിൽ ലോകരാജ്യങ്ങൾ യോഗയിൽ പങ്കെടുത്തത് ഇന്ത്യയുടെ യശസ്സ് ഉയർത്തി -അദ്ദേഹം പറഞ്ഞു. ജൂലായ് ഒന്നിന് ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ഡോക്ടർമാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.