കൊൽക്കത്ത: ബംഗാൾ ജനതയുടെ ആവശ്യമാണ് തൃണമൂൽ സർക്കാർ തുടരുകയെന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മോദി സ്ഥലംവിടും. ഞാൻ തുടരും’’ -ബർധമാനിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കവേ മമത പറഞ്ഞു.

‘‘ചെറുപ്പംമുതലേ ഞാൻ രാഷ്ട്രീയത്തിലുണ്ട്. ജനങ്ങളുടെ സമീപനം കണ്ടാലറിയാം. മൂന്നിൽരണ്ട്‌ ഭൂരിപക്ഷത്തോടെത്തന്നെ സർക്കാർ തിരിച്ചുവരും’’ - മമത പറഞ്ഞു. ‘‘എന്നെ ‘എക്സ്’ മുഖ്യമന്ത്രി ആക്കാമെന്നു കരുതിയാണ് ഇവർ നടക്കുന്നത്. ദീദി പോകാറായെന്നാണ് പറയുന്നത്. ദീദി അങ്ങനെപോവില്ല. ദീദി ഇവിടെത്തന്നെ കാണും. മോദി ബാബൂ, ഒരുകാര്യം മനസ്സിലാക്കിക്കൊള്ളൂ. നിങ്ങളാണ് നാളെ ‘എക്സ്’, ആകാൻ പോകുന്നത്. ബംഗാൾ നേടിക്കഴിഞ്ഞാൽ ഞങ്ങൾ ഡൽഹി പിടിക്കാൻവരും’’ -മമത വെല്ലുവിളിച്ചു.