ലഖ്‌നൗ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാമണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ ആയുധഫാക്ടറി ഉദ്ഘാടനം െചയ്തും പ്രചാരണറാലി നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി.

2004-ൽ അധികാരമേറ്റശേഷം ആദ്യമായാണ് മോദി അമേഠിയിലെത്തുന്നത്. 538 കോടി രൂപയുടെ 17 പദ്ധതികൾക്ക് അദ്ദേഹം ഞായറാഴ്ച ഈ മണ്ഡലത്തിൽ തുടക്കമിട്ടു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കലാനിഷ്‌ക്കോവ് റൈഫിൾ നിർമിക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടനവും ഗൗരിഗഞ്ചിൽ ഉരുക്കുനിർമാണശാലയുടെ തറക്കല്ലിടലും മോദി നിർവഹിച്ചു. പ്രശസ്തമായ എ.കെ-47 റൈഫിളുകളുടെ പിൻഗാമിയായ എ.കെ. 203 തോക്കുകളാണ് പുതിയ ഫാക്ടറിയിൽ നിർമിക്കുന്നത്. കരസേനയ്ക്കായി 7.5 ലക്ഷം എ.കെ. 203 തോക്കുകൾ നിർമിക്കാനാണ് റഷ്യയുമായി കരാറിലെത്തിയത്.

രാഹുലിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു അമേഠിയിലെ റാലിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസംഗം. വോട്ട് കിട്ടിക്കഴിഞ്ഞാൽ ജനത്തെ മറക്കുന്നവരാണ് ചില നേതാക്കളെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. അവർക്ക് ദരിദ്രർ ദരിദ്രരായിത്തന്നെ തുടരുന്നതാണ് താത്‌പര്യം. എങ്കിൽമാത്രമേ അവർക്ക് ‘ഗരീബീ ഹഠാവോ’ എന്ന് മുദ്രാവാക്യം വിളിക്കാനാകൂ.

അത്യാധുനികസംവിധാനങ്ങളുള്ള തോക്കുകളുടെ അഭാവം സൈന്യത്തെ ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഈ സർക്കാരിന്റെ കാലത്ത് സൈനികർക്ക് വിതരണം ചെയ്തു. 2009 മുതൽ 2014 വരെ നടക്കാതിരുന്ന കാര്യമാണിത്. അമേഠിയിലെ ആയുധഫാക്ടറികൂടി വരുന്നതോടെ രാജ്യത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തിപ്പെടും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെയും പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെയും ശ്രമഫലമാണ് ഈ ഫാക്ടറി. അമേഠിയുടെ വികസനത്തിന് സ്മൃതി ഇറാനിയുടെ ശ്രമങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അവർ ഈ മണ്ഡലത്തിനുവേണ്ടി കഠിനാധ്വാനം നടത്തിവരികയാണ്- മോദി പറഞ്ഞു.

content highlights: narendra modi inaugurates Kalashnikov factory in Amethi