പഠാൻ (ഗുജറാത്ത്): ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രിക്കസേര ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നുകിൽ താൻ, അല്ലെങ്കിൽ ഭീകരർ ജീവിച്ചിരുന്നാൽ മതിയെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ പഠാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടയിലാണ് ദേശസുരക്ഷ സംബന്ധിച്ച നിലപാട് മോദി വ്യക്തമാക്കിയത്.

പാകിസ്താനെ അക്രമിക്കാൻ മോദി 12 മിസൈലുകൾ തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും പ്രശ്‌നം വഷളാകുമെന്നും അഭിനന്ദൻ പാക് പിടിയിലായി രണ്ടാംദിവസം ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പുനൽകി. പിന്നാലെ അഭിനന്ദനെ കൈമാറുമെന്ന് പാകിസ്താൻ പ്രഖ്യാപിക്കുകയായിരുന്നെന്നും മോദി പറഞ്ഞു.

പുൽവാമയിലെ ചാവേർ ആക്രമണത്തിനുശേഷം ഫെബ്രുവരി 27-ന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരരുടെ ക്യാമ്പിൽ വ്യോമാക്രമണം നടത്തിയിരുന്നു. അതിന് തിരിച്ചടിയെന്നോണം ഇന്ത്യൻ സൈനികത്താവളങ്ങൾ അക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക് എഫ്.-16 യുദ്ധവിമാനം അഭിനന്ദൻ വെടിവെച്ചിട്ടു. ഏറ്റുമുട്ടലിനിടെ മിഗ്-21 ബൈസൺ വിമാനം തകർന്നാണ് അഭിനന്ദൻ പാകിസ്താനിൽ പിടിയിലായത്.

ഭീകരവാദം ഇല്ലാതാക്കാൻ ബി.ജെ.പി.ക്ക്‌ വോട്ട് ചെയ്യണം -മോദി

ഭീകരവാദത്തിനെതിരേ യുദ്ധം ശക്തമാക്കുന്നതിന് ബി.ജെ.പി.ക്ക് വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. ഞായറാഴ്ച ശ്രീലങ്കയിൽ 160 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയെ അപലപിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിസന്ധിയുടെ ഈ സമയത്ത് ഇന്ത്യ ശ്രീലങ്കയ്ക്കൊപ്പം നിൽക്കുകയാണെന്നും എന്ത് സഹായംനൽകാനും തയ്യാറാണെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ചിത്രോഘണ്ഢിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

content highlights: narendra modi