ലഖ്‌നൗ: മുൻ സർക്കാരുകൾ രാജ്യത്തെ ഗതാഗതവികസനത്തിനുവേണ്ടി യാതൊന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലപാതകൾ വികസിക്കുന്നതോടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ കഴിയുമെന്നും പൂർവാഞ്ചൽ മേഖലയിലെ ഗതാഗത സൗകര്യങ്ങളുടെ വികസനം ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരക്കുഗതാഗതത്തിന് ജലപാതകളുടെ വികസനം ചരിത്രം സൃഷ്ടിക്കും. പൂർവാഞ്ചൽ മേഖലയിൽ വലിയ വികസനം വരാൻപോകുകയാണ്. പുണ്യസ്ഥലമായ കേദാർനാഥിൽ ദീപാവലി ആഘോഷിച്ചശേഷമാണ് താൻ പുണ്യനഗരമായ വാരാണസിയിൽ എത്തിയതെന്നും മോദി പറഞ്ഞു.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് സ്വന്തം മണ്ഡലമായ വാരാണസിയിൽ തിങ്കളാഴ്ച മോദി എത്തിയത്. ചരക്കുഗതാഗതത്തിനായി ഉത്തർപ്രദേശിനെ ബംഗാളിലെ ഹാൽദിയ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ജലപാത ടെർമിനൽ, വാരാണസി റിങ് റോഡ് നാലുവരിപ്പാത ഉൾപ്പെടെ രണ്ടു ദേശീയപാതകൾ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2400 കോടി രൂപയുടെ പദ്ധതിയാണിത്. ജലപാത ടെർമിനൽ ലോകബാങ്ക് സഹായത്തോടെയാണ് നടപ്പാക്കുന്നത്. യു.പി.യിലെ പ്രയാഗ് രാജ് മുതൽ സാഹിബ്ഗഞ്ച്, ഗാസിപുർ, ബംഗാളിലെ ഫറാഖ വഴി ഹാൽദിയവരെ പാതയെ ബന്ധിപ്പിക്കും.

വാരാണസിയിലെ രാംനഗറിൽ 254 കോടിയുടെ മാലിന്യസംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 2019 മാർച്ചിനുമുമ്പ് ഗംഗയെ 80 ശതമാനത്തോളം മാലിന്യമുക്തമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ജലപാത വികസനത്തിന് 5369.18 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിൽ 50 ശതമാനം തുക കേന്ദ്രവും ബാക്കി ലോകബാങ്കും നൽകും.