കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റേതെന്നു കരുതുന്ന ചിതാഭസ്മം ജപ്പാനിൽനിന്നു ഇന്ത്യയിലെത്തിക്കാൻ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചിരുന്നുവെന്ന് നേതാജിയുടെ ബന്ധു ആശിഷ് റായിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ നടപടി കൊൽക്കത്തയിൽ അശാന്തി സൃഷ്ടിക്കുമെന്ന രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പിനെത്തുടർന്ന് ആ ശ്രമം ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

1943 ഒക്ടോബർ 21-ന് നേതാജി ആസാദ് ഹിന്ദ് സർക്കാരിന്റെ പ്രഖ്യാപനം നടത്തിയതിന്റെ വാർഷികത്തിൽ നടന്ന വെർച്വൽ സെമിനാറിൽ സംസാരിക്കവേയാണ് നേതാജിയുടെ കൊച്ചനന്തരവനായ ആശിഷ് റായ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. റാവു മന്ത്രിസഭയിൽ അംഗമായിരുന്ന പ്രണബ് മുഖർജിയടങ്ങുന്ന ഒരു ഉന്നതതല സമിതിയെ ചിതാഭസ്മം ഇന്ത്യയിലെത്തിക്കുന്ന കാര്യം തീരുമാനിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നേതാജി വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്ന് ബംഗാളിൽ ഏറെപ്പേർ വിശ്വസിക്കുന്നതിനാൽ അത് തിരികെയെത്തിച്ചാൽ കൊൽക്കത്തയിലും മറ്റും അക്രമമുണ്ടായേക്കാമെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പു നൽകി. തുടർന്ന്, ഈ ശ്രമത്തിൽനിന്നു പിന്മാറാൻ നരസിംഹറാവു നിർബന്ധിതനാവുകയായിരുന്നു. ടോക്കിയോയിലെ ഒരു ബുദ്ധക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചിതാഭസ്മം ഇന്ത്യയിലെത്തിക്കണമെന്നും അതിന്റെ നിയമപരമായ അവകാശിയായ നേതാജിയുടെ മകൾ അനിതാ ബോസ്‌ പ്ഫാഫിന് കൈമാറണമെന്നും ആശിഷ് റായ് ആവശ്യപ്പെട്ടു.

നേതാജിയുടെ മരണം സംബന്ധിച്ച അനാവശ്യവിവാദങ്ങൾക്ക് അറുതിയുണ്ടാക്കണമെന്ന് സെമിനാറിൽ സംസാരിച്ച മറ്റൊരു ബന്ധു പ്രൊഫ. സൗഗത ബോസ് അഭിപ്രായപ്പെട്ടു. നേതാജിയും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളും തങ്ങളുടെ കുടുംബകാര്യമല്ലെന്നും ദേശീയവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കളത്തിൽ മരിച്ച ഏക മുൻനിര സ്വാതന്ത്ര്യസമരസേനാനിയാണ് നേതാജിയെന്നും പ്രൊഫ. ബോസ് കൂട്ടിച്ചേർത്തു.

ഇന്ത്യാ ഗേറ്റിനുസമീപം നേതാജിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് സെമിനാറിൽ സംസാരിച്ച മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ ചെയർമാനും മുൻ ഇൻഫോസിസ് ഡയറക്ടറുമായ ടി.വി. മോഹൻദാസ് പൈ ആവശ്യപ്പെട്ടു.

content highlights: narasimha rao govt tried to bring netaji's ashes