ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നമ്പി നാരായണന്റെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ ഹര്‍ജിയില്‍ നേരിട്ട് കക്ഷിയാക്കിയിട്ടില്ലെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ അറിയിച്ചെങ്കിലും സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കേസ് ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് മാറ്റി.

ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടിക്കെതിരെയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഫെബ്രുവരിയില്‍ കേസ് പരിഗണിച്ചപ്പോള്‍ സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഇക്കാര്യം വെള്ളിയാഴ്ച സി.ബി.ഐ.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. പട്വാലിയയും ചൂണ്ടിക്കാട്ടി. സിബി മാത്യൂസിനുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍, ജോഷ്വയ്ക്കുവേണ്ടി അഡ്വ. രഞ്ജിത് മാരാര്‍, സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സെല്‍ ജി. പ്രകാശ്, നമ്പിനാരായണനുവേണ്ടി അഡ്വ. സി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

1994 നവംബര്‍ 30-നാണ് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍ നാരായണനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണോദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയ സി.ബി.ഐ. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.