ലഖ്‌നൗ: മുത്തലാഖ് വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമബോര്‍ഡ് നടത്തുന്ന ഒപ്പുശേഖരണത്തെ വിമര്‍ശിച്ച് അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമബോര്‍ഡ്. സമുദായത്തിലെ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് നടപടിയെന്ന് പ്രസിഡന്റ് ഷായിസ്ത ആമ്പര്‍ കുറ്റപ്പെടുത്തി.
മുത്തലാഖിനെക്കുറിച്ച് ഖുര്‍ ആനില്‍ പറഞ്ഞത് പൂര്‍ണമായും അംഗീകരിക്കുമെന്ന നിലപാടായിരുന്നു വ്യക്തിനിയമബോര്‍ഡ് സ്വീകരിക്കേണ്ടത്. ഒറ്റയടിക്ക് മൂന്ന് തലാഖും തൊല്ലി വിവാഹമോചനം ആവശ്യപ്പെടുന്നവരെ ശിക്ഷിക്കാന്‍ നിയമബോര്‍ഡ് തയ്യാറാവണം -ഷായിസ്ത പറഞ്ഞു. മുത്തലാഖിനെതിരായ നിലപാടിന്റെ മറവില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനും സമൂഹത്തെ ഭിന്നിപ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
മുത്തലാഖ് നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ ശനിയാഴ്ചയാണ് വ്യക്തിനിയമബോര്‍ഡ് ഒപ്പുശേഖരണം തുടങ്ങിയത്. ഇതിനെതിരെയാണ് വനിതാ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.