ലഖ്‌നൗ: മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഏത് ജാതി വിഭാഗത്തിന്റെ വ്യക്തിനിയമ ബോര്‍ഡ് ആയാലും അത് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും പൗരന് നല്‍കിയ ഭരണഘടനാ സ്വാതന്ത്ര്യമാണ് രാജ്യത്ത് വലുതെന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് സമ്പ്രദായത്തിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ സുപ്രധാനനിരീക്ഷണം. മുത്തലാഖ് മുസ്!ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കിയ അടിസ്ഥാനാവകാശത്തെ ലംഘിക്കുന്നതാവരുത് മതസമ്പ്രദായങ്ങള്‍. അവ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. മുസ്ലിം സ്ത്രീകള്‍മാത്രം ആചാരങ്ങളുടെ പേരില്‍ നിര്‍ഭാഗ്യകരമായ ഇത്തരം രീതി സഹിച്ചാല്‍ മതിയോ? സ്ത്രീകള്‍ക്കുകൂടി നീതി ലഭിക്കുന്ന തരത്തില്‍ സമുദായിക രീതികള്‍ പരിഷ്‌കരിച്ചുകൂടെ?- ജസ്റ്റിസ് സുനീത്കുമാര്‍ ചോദിച്ചു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാര്‍ സ്വദേശി ഹിന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം ഭര്‍ത്താവ് വീണ്ടും വിവാഹിതനായതാണ് കേസിനാധാരം. വിവാഹമോചനം മതനിയമപ്രകാരം നടത്തിയതാണെന്നാണ് ഭര്‍ത്താവിന്റെ വാദം. മൂന്നുതവണ തലാഖ് ചൊല്ലിയ ശേഷമാണ് മറ്റൊരുവിവാഹം കഴിച്ചതെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി. അതേസമയം കേസില്‍ വിധി പറയാന്‍ കോടതി തയ്യാറായില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് വിധിപറയാതെ ഹര്‍ജി തള്ളിയത്.
മുത്തലാഖിനെ ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ വാദം നടക്കുകയാണ്. നിരവധി സംഘടനകളും ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിക്കണമെന്നും അത് ലിംഗനീതിക്ക് എതിരാണെന്നുമാണ് കേന്ദ്രത്തിന്റെയും ഹര്‍ജി നല്‍കിയ സംഘടനകളുടെയും നിലപാട്. എന്നാല്‍ ഇതിനെതിരെ മുസ്!ലിം വ്യക്തിനിയമ ബോര്‍ഡും കോടതിയെ സമീപിച്ചിട്ടുണ്ട്. മുത്തലാഖ് സാമുദായിക ആചാരമാണെന്നും ഭരണഘടനാലംഘനമല്ലെന്നുമാണ് ബോര്‍ഡിന്റെ വാദം.
അലഹബാദ് ഹൈക്കോടതിയുടേത് നിരീക്ഷണം മാത്രമാണെന്നും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഏറെ വ്യവസ്ഥകളുള്ള മതമാണ് ഇസ്!ലാമെന്നും മുസ്!ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു. കോടതിയുടെ അഭിപ്രായത്തെ വിധിയായി കണക്കാക്കുന്നില്ല. സുപ്രീംകോടതിയില്‍ ഇക്കാര്യത്തില്‍ വാദം തുടരട്ടെ- ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടെ നിലപാട് ഇസ്!ലാമിക വിരുദ്ധമാണെന്നും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുമെന്നും മതപണ്ഡിതന്‍ റാഷിദ് ഫിരംഗി പ്രതികരിച്ചു. എന്നാല്‍ ഹൈക്കോടതി നീരിക്ഷണത്തെ വിവിധ ബി.ജെ.പി. നേതാക്കള്‍ സ്വാഗതംചെയ്തു. ഹൈക്കോടതി നീതിക്കുവേണ്ടിയുള്ള നിരീക്ഷണമാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. കോടതിനിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി. നേതാവ് മീനാക്ഷി ലേഖി പറഞ്ഞു.
ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നും എന്നാല്‍ സാമുദായിക ആചാരങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി പ്രതികരിച്ചത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി നിരീക്ഷണം കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി ഹൈക്കോടതി നിരീക്ഷണം സ്വാഗതംചെയ്തു.