മുംബൈ: തന്റെ ആഗ്രഹംപോലെ വെള്ളപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരിക്കും ബോളിവുഡിലെ താരറാണി ശ്രീദേവിയുടെ അന്ത്യയാത്ര.

അവരുടെ ഈ ആഗ്രഹം അടുത്ത ബന്ധുക്കളാണ് വെളിപ്പെടുത്തിയത്. ശ്രീദേവിയുടെ മൃതദേഹം എപ്പോള്‍ മുംബൈയില്‍ എത്തുമെന്ന കാര്യം അവ്യക്തമായി നില്‍ക്കുമ്പോഴും അന്ധേരിയിലെ വീട്ടിനുമുന്‍പില്‍ ആരാധകരുടെ തിരക്കേറെയാണ്. ചിത്രത്തിനുമുന്‍പില്‍ ആരാധകര്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ചാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശ്രീദേവിയുടെ മക്കളായ ജാന്‍വിയെയും ഖുഷിയെയും ബോണികപൂറിന്റെ അനുജനും നടനുമായ അനില്‍കപൂര്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതോടെ അദ്ദേഹത്തിന്റെ ജൂഹുവിലെ വീട്ടിലേക്ക് അനുശോചനവുമായി ബോളിവുഡിലെ പ്രശസ്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

മാധുരി ദീക്ഷിത്, ഫറാഖാന്‍, തബു, രേഖ, കരണ്‍ ജോഹര്‍, കമല്‍ഹാസന്‍, അര്‍ജുന്‍ കപൂര്‍, അനുഷ്‌ക കപൂര്‍, റാണി മുഖര്‍ജി, മനീഷ് മല്‍ഹോത്ര, ഇഷാന്‍ ഖട്ടര്‍, ശില്പ ഷെട്ടി, നിഖില്‍ ദ്വിവേദി, അനുപം ഖേര്‍ തുടങ്ങിയവര്‍ തിങ്കളാഴ്ച അനില്‍ കപൂറിന്റെ വീട്ടിലെത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ ദുബായില്‍നിന്ന് എത്തുമെന്ന് വാര്‍ത്ത പരന്നതോടെ വലിയ ജനാവലിയും ഇവിടെയെത്തി.

മൃതദേഹം മുംബൈയില്‍ എത്തിയതിനുശേഷം പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം ജൂഹുവിലെ പവന്‍ഹാന്‍സ് ശ്മശാനത്തില്‍ ശവസംസ്‌കാരം നടക്കും. സമയം തീരുമാനിച്ചിട്ടില്ല.