മുംബൈ: ടാറ്റാ വ്യവസായസാമ്രാജ്യത്തില്‍ ആഭ്യന്തരയുദ്ധം തുടരുന്നതിനിടെ ടാറ്റാ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് സൈറസ് മിസ്ത്രിയെ നീക്കി. ഒക്ടോബര്‍ 24-ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മിസ്ത്രിയെ ഗ്രൂപ്പിലെ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നുതന്നെ പുറത്താക്കുന്നത് ആദ്യമായാണ്.

ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന അസാധാരണ പൊതുയോഗമാണ് ഈ തീരുമാനമെടുത്തത്. മിസ്ത്രി തന്നെയായിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. ഡയറക്ടര്‍ അല്ലാതായതോടെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് അദ്ദേഹം പുറത്തായതായി ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

ടാറ്റാ ഗ്രൂപ്പിന്റെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത അനുബന്ധസ്ഥാപനമാണ് ടാറ്റാ ഇന്‍ഡസ്ട്രീസ്. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ടാറ്റാ കമ്പനികളാണ് ഇതിലെ ഓഹരിപങ്കാളികള്‍. ടാറ്റാ ഗ്രൂപ്പിനെ പുതിയ സംരംഭങ്ങളിലേക്കു നയിക്കുകയാണ് ടാറ്റാ ഇന്‍ഡസ്ട്രീസിന്റ പ്രധാനദൗത്യം.
 
പൊതുജനങ്ങള്‍ക്കുകൂടി ഓഹരിപങ്കാളിത്തമുള്ള കമ്പനികളില്‍നിന്ന് മിസ്ത്രിയെ പുറത്താക്കുന്നതിനുള്ള ശ്രമങ്ങള്‍ വരുംദിവസങ്ങളില്‍ തുടരും. ഇതിന്റെ ഭാഗമായി ടാറ്റാ ഗ്രൂപ്പിലെ ആറു സ്ഥാപനങ്ങള്‍കൂടി ഈയാഴ്ച അസാധാരണ പൊതുയോഗം വിളിച്ചിട്ടുണ്ട്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍ എന്നിവയാണവ.

ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ടാറ്റയുടെ പല സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ബോഡില്‍ ഇപ്പോഴും മിസ്ത്രിയുണ്ട്. ഇത് ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് വിഘാതമാവുമെന്ന് പറഞ്ഞ് താത്കാലിക ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഓഹരിയുടമകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
 
പൊതുയോഗത്തില്‍ ഓഹരിയുടമകളെ സ്വാധീനിക്കുന്നതിനായി രത്തന്‍ ടാറ്റയും സൈറസ് മിസ്ത്രിയും പ്രമുഖ സ്ഥാപനങ്ങളെ ചുമതലയേല്‍പ്പിച്ചിട്ടുമുണ്ട്.ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 30 കമ്പനികളും ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനികളുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റാസണ്‍സ്.
 
നാലുവര്‍ഷംമുമ്പ് അതിന്റെ തലപ്പത്തെത്തിയ മിസ്ത്രിയെ വ്യവസായലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഒക്ടോബറില്‍ പുറത്താക്കിയത്. 75-ാം വയസ്സില്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് വിരമിച്ച രത്തന്‍ ടാറ്റയാണ് ടാറ്റാ സണ്‍സിന്റെ ഇടക്കാല ചെയര്‍മാന്‍.