മുംബൈ: പാക് അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് മുംബൈയിലെ തന്ത്രപ്രധാനകേന്ദ്രങ്ങൾക്ക് സേനയുടെ സുരക്ഷയും ഏർപ്പെടുത്തി.

പോലീസ് സുരക്ഷയ്ക്ക് പുറമേയാണിത്. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, പശ്ചിമ നേവൽ കമാൻഡ് ആസ്ഥാനം, വിവിധ പ്രതിരോധസ്ഥാപനങ്ങൾ എന്നിവയ്ക്കാണ് സായുധസേനയുടെ സുരക്ഷ.

സായുധസേനയുടെ വാഹനങ്ങൾ താണെയിൽനിന്ന് മുംബൈയിലേക്ക് വരുന്നതിന് സുഗമപാത ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് പറഞ്ഞു. പ്രതിരോധവകുപ്പിൽനിന്ന് ഇതുസംബന്ധിച്ച് നിർദേശം വന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പശ്ചിമ നേവൽ കമാൻഡ് ആസ്ഥാനവും അതിജാഗ്രതയിലാണ്. അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജമായിരിക്കണമെന്നാണ് ഇവിടെ ലഭിച്ചിട്ടുള്ള നിർദേശം. സായുധസേനയുടെ വാഹനങ്ങൾ നിരത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.