മുംബൈ: ഗാന്ധിജയന്തിദിനത്തിൽ തീവണ്ടികളിലും സ്റ്റേഷനുകളിലും റെയിൽവേ സ്ഥാപനങ്ങളിലും സസ്യാഹാരം മാത്രം വിളമ്പാൻ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശം. ആദ്യമായാണ് ഇത്തരത്തിൽ ഒരു നിർദേശം റെയിൽവേ സോണൽ മേധാവികൾക്കും തീവണ്ടികളിൽ ഭക്ഷണം നൽകുന്ന ഐ.ആർ.സി.ടി.സി.ക്കും ലഭിക്കുന്നത്.

2018 മുതൽ 2020 വരെയുള്ള മൂന്നു വർഷവും ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് ‘സസ്യാഹാര ദിനമായി’ ആഘോഷിക്കാനാണ് വിജ്ഞാപനത്തിൽ പറയുന്നത്.

ഒരാഴ്ച മുമ്പിറങ്ങിയ വിജ്ഞാപനം പല സോണുകളിലും ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. അതോടെ പലയിടത്തും പ്രതിഷേധം ഉയരുകയും ചെയ്തു. തീവണ്ടികൾ പലതും രണ്ടും മൂന്നും ദിവസം മുമ്പ് ഓട്ടം തുടങ്ങിയതാണ്. അത്രയും ദിവസത്തേക്കുള്ള ഭക്ഷണം പാചകം ചെയ്യാനുള്ള വസ്തുക്കൾ കരുതിയായിരിക്കും ഐ.ആർ.സി.ടി.സി. കരാറുകാർ യാത്ര തുടങ്ങുക. ഒരു ദിവസം കൊണ്ട് എങ്ങനെ സസ്യാഹാരം മാത്രം വിളമ്പാൻ കഴിയുമെന്നാണ് കരാറുകാർ ചോദിക്കുന്നത്.

മാംസാഹാരം മാത്രം വിളമ്പുന്ന ഒട്ടേറെ സ്റ്റാളുകൾ പല റെയിൽവേ സ്റ്റേഷനുകളിലുമുണ്ട്. നിർദേശം നടപ്പിലാക്കിയാൽ ഒരു ദിവസം ഇവ അടച്ചിടേണ്ട അവസ്ഥയും വരും. ഇവർക്ക് പുറമേ യാത്രക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരുകയുണ്ടായി. ഇതേത്തുടർന്നാണ് മാംസാഹാരം വിളമ്പാനുള്ള അനുമതി ചിലർക്ക് വാക്കാൽ ലഭിച്ചത്. എന്നാൽ, നേരത്തേ ഇറക്കിയ വിജ്ഞാപനം റദ്ദാക്കാൻ റെയിൽവേ തയ്യാറായിട്ടുമില്ല.

മുംബൈയിൽനിന്ന് പുറപ്പെട്ട ദീർഘദൂര വണ്ടികളിലെല്ലാം സസ്യാഹാരം മാത്രമേ വിളമ്പാവൂ എന്ന നിർദേശം കരാറുകാർക്ക് നൽകിയതായി ഐ.ആർ.സി.ടി.സി. ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ചിലയിടങ്ങളിൽ ഈ വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ടെന്നാണ് അറിവെന്നും അവർ അറിയിച്ചു.

ഡൽഹിയിൽ ഐ.ആർ.സി.ടി.സി. ഓഫീസിൽ അന്വേഷിച്ചപ്പോൾ ആവശ്യമെങ്കിൽ മാംസാഹാരം വിളമ്പിക്കോളൂ എന്ന നിർദേശം വാക്കാൽ കിട്ടിയെന്നാണ് കേരളത്തിലെ ഐ.ആർ.സി.ടി.സി. കരാറുകാരൻ പറഞ്ഞത്.

2019-ൽ പുതിയ സർക്കാർ വരാനിരിക്കെ 2020 വരെ ഗാന്ധി ജയന്തിദിനം സസ്യാഹാര ദിനമാക്കണമെന്ന് റെയിൽവേക്ക്‌ എങ്ങനെ നിർദേശിക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

bbഗാന്ധിജയന്തി സസ്യാഹാരദിനമായി ആഘോഷിക്കണമെന്നാണ് റെയിൽവേയുടെ നിർദേശം. അതിനാൽ മുംബൈയിൽനിന്ന് പുറപ്പെടുന്ന എല്ലാ വണ്ടികളിലും സസ്യാഹാരം മാത്രമേ അന്ന് വിളമ്പാൻ പാടുള്ളൂ എന്ന കർശനനിർദേശം എല്ലാ ഐ.ആർ.സി.ടി.സി. കരാറുകാർക്കും നൽകിയിട്ടുണ്ട്

-പിനാകിൻ കെ. മോറാവാല

മീഡിയ റിലേഷൻസ്, ഐ.ആർ.സി.ടി.സി., മുംബൈ