മുംബൈ: ദളിത്-മറാഠ വിഭാഗങ്ങള്‍ തമ്മില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുണെ, മുംബൈ, ഔറംഗബാദ് തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്കും അക്രമം വ്യാപിച്ചു. നൂറിലധികം വാഹനങ്ങള്‍ തകര്‍ക്കുകയും തീവെക്കുകയും ചെയ്തു.

തിങ്കളാഴ്ച പുണെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ (വിജയ് ദിവസ്) പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കുനേരേ മറാഠാ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതിനിടെയാണ് ഇരുപത്തിയാറുകാരന്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അക്രമം വ്യാപിച്ചതോടെ മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദളിത് സംഘടനകള്‍ ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സംഭവത്തില്‍ സിറ്റിങ് ജഡ്ജി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനംചെയ്യുന്നതും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതും ഗുരുതരകുറ്റമായി കണക്കിലെടുക്കുമെന്നും കര്‍ക്കശനടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

1818-ല്‍ ഈസ്റ്റ് ഇന്ത്യാകമ്പനി പുണെയിലെ പേഷ്വാ സേനയെ തോല്‍പിച്ച ദിവസമാണ് ദളിത് വിഭാഗം വിജയ് ദിവസായി ആഘോഷിക്കുന്നത്. യുദ്ധത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കൊപ്പമായിരുന്നു ദളിത് വിഭാഗക്കാര്‍. യുദ്ധവിജയത്തിന്റെ സ്മാരകമായി ബ്രിട്ടീഷുകാര്‍ പണിത വിജയസ്തംഭമാണ് ഭീമ കൊരേഗാവിലുള്ളത്. തിങ്കളാഴ്ച വിജയ് ദിവസ് ആഘോഷിക്കാനെത്തിയ ദളിത് വിഭാഗക്കാരെ പുണെ അഹമ്മദ് നഗര്‍ റോഡിലെ കൊരെഗാവ് ഭീമ, പബല്‍, ശിക്രപുര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍നിന്നെത്തിയ മറാഠാവിഭാഗക്കാര്‍ ആക്രമിക്കുകയായിരുന്നത്രെ. കാവിക്കൊടിയുമായെത്തിയ ഇവര്‍, പേഷ്വാ യോദ്ധാക്കളെ തോല്പിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നേടിയ വിജയം ആഘോഷിക്കരുതെന്ന മുദ്രാവാക്യം മുഴക്കി. അതോടെ ഇരുവിഭാഗവും തമ്മിലുണ്ടായ വാക്തര്‍ക്കം സംഘര്‍ഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങിയെന്ന് കോലാപ്പുര്‍ റേഞ്ച് ഐ.ജി. വിശ്വാസ്‌നാഗരെ പാട്ടീല്‍ പറഞ്ഞു. ഇതിലാണ് രാഹുല്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമമായി മാറുകയായിരുന്നു. പലയിടത്തും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. മുംബൈയില്‍ പലയിടത്തും തെരുവിലിറങ്ങിയ യുവാക്കള്‍ പരക്കെ കല്ലേറുനടത്തി. വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ചെമ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദളിത് സംഘടനങ്ങള്‍ സബര്‍ബന്‍ തീവണ്ടി തടഞ്ഞതിനെത്തുടര്‍ന്ന് ഗതാഗതം മുടങ്ങി. ഗുജറാത്തില്‍നിന്നുള്ള ദളിത് നേതാവ് ജിഗ്നേഷ് മേവാനി ബുധനാഴ്ച മുംബൈയിലെത്തുന്നുണ്ട്. ജനങ്ങളോട് സംയമനം പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.