മുംബൈ: ഉത്തര്‍പ്രദേശില്‍നിന്ന് മുംബൈയിലേക്ക് കടത്തിയ ആയുധശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.

ദേശീയപ്രാധാന്യമുള്ള ആയുധവേട്ടയുടെ തുടരന്വേഷണത്തിനായി മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധസേനയും ഉത്തര്‍പ്രദേശിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും കേന്ദ്രത്തിന്റെ ഇന്റലിജന്‍സ് ബ്യൂറോയും പങ്കാളികളാവും. ഉത്തര്‍പ്രദേശിലെ ആയുധവില്‍പനശാല കൊള്ളയടിച്ചെത്തിയ മൂന്നുപേര്‍ വെള്ളിയാഴ്ച നാസിക്കിലാണ് പോലീസിന്റെ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ വണ്ടിയില്‍ പ്രത്യേകം അറയുണ്ടാക്കി സൂക്ഷിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഇവരില്‍നിന്ന് 25 റൈഫിളും 17 റിവോള്‍വറും 4136 തിരകളുമാണ് പിടിച്ചെടുത്തത്. ഇത്രയധികം ആയുധങ്ങള്‍ ഒറ്റയടിക്കു പിടിച്ച പശ്ചാത്തലത്തിലാണ് അധോലോകബന്ധം അന്വേഷിക്കുന്നത്.

ഭീകരസംഘടനകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചനയില്ലെങ്കിലും അതിനുള്ള സാധ്യതകളും അന്വേഷിക്കുന്നുണ്ട്. നാസിക്കില്‍ നിന്നുള്ള രാജേന്ദ്ര ബന്‍സോഡേ(23), മുംബൈ വഡാലയിലെ സല്‍മാന്‍ അമാനുള്ള ഖാന്‍(19), സിവ്ഡിയലെ ബദറുദ്ദീന്‍ ജുമാന്‍ ബാദ്ഷാ(21) എന്നിവരാണ് പിടിയിലായത്.

ദാവൂദ് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന് ബാദ്ഷാ അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഡി കമ്പനി വിട്ട് സ്വന്തമായി അധോലോക സംഘമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും അയാള്‍ പറയുന്നു. പാകിസ്താനില്‍ ബന്ധുക്കളുള്ളയാളാണ് ബാദ്ഷാ. ഇയാള്‍ പലതവണ പാകിസ്താനിലേക്ക് ഫോണ്‍ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. നേരത്തേതന്നെ പോലീസിന്റെ നോട്ടപ്പുള്ളിയായ ഇയാള്‍ക്കെതിേര 30 കേസുകള്‍ നിലവിലുണ്ട്. നാടന്‍തോക്കുകള്‍ വില്‍പന നടത്തിയതിനുമുമ്പ് പിടിയിലായിരുന്നു. എന്നാല്‍ ഇത്രയേറെ ആയുധങ്ങളുമായി അറസ്റ്റുചെയ്യുന്നത് ആദ്യമാണ്.

ഉത്തര്‍പ്രദേശിലെ ബാന്ദയിലുള്ള പഞ്ചാബ് ആമറി എന്ന ആയുധശാലയാണ് ഇവര്‍ കൊള്ളയടിച്ചത് എന്നാണ് കരുതുന്നത്. ആഗ്ര-മുംബൈ ദേശീയപാതയിലൂടെ മോഷ്ടിച്ച വാഹനത്തില്‍ വന്ന സംഘം നാസിക്കിലെ പമ്പില്‍ ഇന്ധനമടിച്ച ശേഷം പണംനല്‍കാന്‍ വിസമ്മതിച്ചതാണ് കവര്‍ച്ച വെളിച്ചത്തുവരാന്‍ വഴിയൊരുക്കിയത്. പെട്രോള്‍ പമ്പ് ജീവനക്കാരെ ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. അവര്‍ വിവരം പോലീസില്‍ അറിയിച്ചു. വഴിയില്‍ കാത്തുനിന്ന പോലീസ് സംഘം വണ്ടി തടഞ്ഞ് മൂവരെയും കസ്റ്റഡിയില്‍ എടുത്തു.

പെട്രോള്‍ പമ്പില്‍ ബഹളമുണ്ടാക്കിയത് മദ്യലഹരിയിലായിരുന്നെന്ന് പറഞ്ഞ ബാദ്ഷാ ക്ഷമ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിച്ചത്. പോലീസുകാര്‍ക്ക് 10,000 രൂപ നല്‍കാമെന്നും പമ്പില്‍ ആയിരം രൂപ കൊടുക്കാമെന്നും അയാള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ കാറില്‍ ഒരു റിവോള്‍വര്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസുകാര്‍ വിശദമായി പരിശോധന നടത്തി. അപ്പോഴാണ് പ്രത്യേക അറയില്‍ സൂക്ഷിച്ച ആയുധശേഖരം കണ്ടെത്തുന്നത്.