പുണെ: പുണെയില്‍ മലയാളിയായ റിട്ട. ഉദ്യോഗസ്ഥ തിരുവല്ല സ്വദേശി രാധാമാധവന്‍ നായര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് സംശയിക്കുന്നത് രണ്ടുപേരെ. ഇവരില്‍ ഒരാള്‍ കുറച്ച് മാസങ്ങള്‍ക്കുമുമ്പ് സംഭവം നടന്ന ഫ്‌ലാറ്റിലെത്തി രാധയെ ഭീഷണിപ്പെടുത്തിയതായി വീട്ടുജോലിക്കാരി മൊഴിനല്‍കി.

കൊലപാതകം നടന്ന അംബെനഗരി ഹൗസിങ് സൊസൈറ്റിയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ സംശയിക്കുന്നത്. വാടകക്കൊലയാളികളാണെന്ന സംശയവും പോലീസിനുണ്ട്. 35-നും 40-നും ഇടയ്ക്ക് പ്രായംതോന്നിക്കുന്ന ഇവരില്‍ ഒരാള്‍ രണ്ടുമാസംമുമ്പ് രാധാമാധവന്റെ മകനാണെന്ന് പറഞ്ഞ് ഫ്‌ലാറ്റിലെത്തിയിരുന്നു.
 
ഇയാളെ ഫ്‌ലാറ്റിന് പുറത്തുനിര്‍ത്തി വാതിലടച്ച ശേഷമാണ് വിവരം കുളിമുറിയിലായിരുന്ന രാധാമാധവനെ ജോലിക്കാരി അറിയിച്ചത്. ഇയാള്‍ മകനല്ലെന്ന് രാധ പിന്നീട് പറഞ്ഞിരുന്നതായി ജോലിക്കാരി പോലീസിനോട് പറഞ്ഞു. ചില പണമിടപാടുകളെക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഭീഷണിപ്പെടുത്തിയ ശേഷമാണ് തിരിച്ചുപോയത് -അവര്‍ മൊഴിനല്‍കി.

മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മറ്റൊരാളോടൊപ്പം ഇയാള്‍ വരുന്നത് സി.സി.ടി.വി.യില്‍ കണ്ടിരുന്നു. ഇതാണ് കേസന്വേഷണത്തിന് സഹായകമാകുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗത്തില്‍നിന്ന് വിരമിച്ച രാധാ മാധവന്‍ നായരുടെ (71) മൃതദേഹം കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പുണെ വിശ്രാന്തവാടി ഭൈരവ് നഗറിലെ അംബെനഗരി ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്.
 
ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ കൊലപാതകത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കരുതുന്നു. അന്വേഷണത്തിന്റെ ദിശമാറ്റാനാകാം ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നും പോലീസ് സംശയിക്കുന്നു.