മുംബൈ: തീര്‍ഥാടന നഗരമായ ഷിര്‍ദിയില്‍ ചൊവ്വാഴ്ച ആദ്യവിമാനമിറങ്ങി. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം 45 മിനിറ്റുകൊണ്ടാണ് ഷിര്‍ദിയിലെത്തിയത്.

ഷിര്‍ദിയില്‍ പുതുതായി നിര്‍മിച്ച വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇവിടെനിന്നുള്ള വിമാനസര്‍വീസ് ഒക്ടോബര്‍ 29-ന് തുടങ്ങാനാണ് തീരുമാനം. തീയതി നേരത്തേയാക്കാന്‍ ഡി.ജി.സി.എയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്പനി മാനേജിങ് ഡയരക്ടര്‍ സുരേഷ് കാകാനി പറഞ്ഞു.

എയര്‍ ഇന്ത്യയുടെ അനുബന്ധസ്ഥാപനമായ അലയന്‍സ് എയറിന്റെ വിമാനമാണ് ചൊവ്വാഴ്ച ഷിര്‍ദിയിലിറങ്ങിയത്. റണ്‍വേ കൃത്യമായി മനസ്സിലാക്കാന്‍ പൈലറ്റിനു കഴിയുമോ എന്നാണ് നോക്കിയതെന്നും അത് വിജയമായിരുന്നെന്നും കാകാനി പറഞ്ഞു.

ഷിര്‍ദിയില്‍നിന്ന് ദിവസം അഞ്ഞൂറോളം യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലയന്‍സ് എയറിനു പുറമേ ട്രൂ ജെറ്റ്, സൂം എയര്‍ എന്നിവയും സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്കു പുറമേ ഡല്‍ഹിയില്‍നിന്നും ഹൈദരാബാദില്‍നിന്നും സര്‍വീസുണ്ടാകും.