മുംബൈ: വിഖ്യാതമായ ആര്‍.കെ. സ്റ്റുഡിയോയുടെ ഒരു ഭാഗം ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. പല പ്രശസ്തചിത്രങ്ങള്‍ക്കും ജന്മം കൊടുത്ത സ്റ്റുഡിയോയിലുണ്ടായ അഗ്നിബാധയില്‍ ആളപായമൊന്നുമുണ്ടായില്ല.

ലോകപ്രശസ്ത ചലച്ചിത്രകാരന്‍ രാജ് കപൂര്‍ മുംബൈക്കടുത്ത് ചെമ്പൂരില്‍ സ്ഥാപിച്ച സ്റ്റുഡിയോയില്‍ സോണി ടി.വി.യുടെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കുവേണ്ടി സ്ഥാപിച്ച സെറ്റിലാണ് തീപ്പിടിത്തമുണ്ടായത്. എഴുപതുവര്‍ഷം പഴക്കമുള്ള സ്റ്റുഡിയോയുടെ സ്റ്റേജ് വണ്‍ എന്നറിയപ്പെടുന്ന 800 ചതുരശ്ര അടിഭാഗം കത്തി നശിച്ചതായി ആര്‍.കെ. സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമകളില്‍ ഒരാളും രാജ്കപൂറിന്റെ മകനുമായ നടന്‍ ഋഷി കപൂര്‍ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെറ്റിലെ വൈദ്യുതോപകരണങ്ങളില്‍നിന്ന് തീ പടര്‍ന്നത്. 11 അഗ്നിശമന യന്ത്രങ്ങള്‍ രാത്രിയാവുവോളം പ്രവര്‍ത്തിച്ചാണ് തീയണച്ചത്. അഗ്നിരക്ഷാവാഹനങ്ങള്‍ നിര്‍ത്തിയിട്ടതുകാരണം ചെമ്പൂരില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സവുമുണ്ടായി.

സോണി ടി.വി. പ്രക്ഷേപണം ചെയ്യാനിരിക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍-2ന്റെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ചതായിരുന്നു സ്റ്റേജ് വണ്ണിലെ സെറ്റ്. കഴിഞ്ഞയാഴ്ച ഇവിടെ ഷൂട്ടിങ് നടന്നിരുന്നു. അടുത്ത ഷൂട്ടിങ് സെപ്റ്റംബര്‍ 29-ന് നടക്കാനിരിക്കേയാണ് അപകടമുണ്ടായത്. തീപ്പിടിത്തമുണ്ടായപ്പോള്‍ സെറ്റില്‍ ആരുമുണ്ടായിരുന്നില്ലെന്നും നാശനഷ്ടം എത്രത്തോളമുണ്ടെന്ന് കണക്കാക്കിയിട്ടില്ലെന്നും സോണി ടി.വി. വൃത്തങ്ങള്‍ അറിയിച്ചു. ശില്‍പാഷെട്ടിയും അനുരാഗ് ബസുവും മറ്റും വിധികര്‍ത്താക്കളായി വരുന്ന ഷോയുടെ സംപ്രേഷണം അപകടംകാരണം വൈകില്ലെന്നും അവര്‍ വ്യക്തമാക്കി.

രാജ്കപൂറിന്റെ പ്രശസ്ത ചിത്രങ്ങളായ ബര്‍സാത്തും ആവാരയും ബൂട്ട് പോളിഷും ജാഗ്‌തേ രഹോയുമെല്ലാം ജന്‍മമെടുത്തത് ആര്‍.കെ. സ്റ്റുഡിയോയിലാണ്. അദ്ദേഹത്തിന്റെ ആര്‍.കെ. ഫിലിംസിന്റെ ആസ്ഥാനവും ഇവിടെയായിരുന്നു. പില്‍ക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മേരാ നാം ജോക്കര്‍, ബോബി, സത്യം ശിവം സുന്ദരം, രാം തേരി ഗംഗാ മൈലി എന്നിവയ്ക്കും സ്റ്റുഡിയോ വേദിയൊരുക്കി. രാജ്കപൂറിന്റെ മരണശേഷം മക്കളായ രണ്‍ധീര്‍ കപൂറും രാജീവ് കപൂറും ഋഷികപൂറും ഇവിടെ വെച്ച് സിനിമകളെടുത്തു. സിനിമാ ഷൂട്ടിങ് ഏതാണ്ട് പൂര്‍ണമായി സ്റ്റുഡിയോയ്ക്ക് പുറത്തു കടന്നതോടെ പ്രധാനമായും ടെലിവിഷന്‍ റിയാലിറ്റി ഷോകളാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്.