മുംബൈ: സംവരണം വേണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുമായി മറാഠാവിഭാഗത്തില്‍പ്പെട്ടവര്‍ സംഘടിപ്പിക്കുന്ന റാലി ബുധനാഴ്ച മുംബൈയില്‍ നടക്കും. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്താണ് റാലി. വിവിധ മേഖലകളില്‍നിന്നായി ഏഴുലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്ന് സംഘാടകരായ മറാഠാ ക്രാന്തി മോര്‍ച്ച അറിയിച്ചു.

കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 57 റാലികള്‍ മറാഠാ ക്രാന്തി മോര്‍ച്ച നടത്തിയിരുന്നു. സമരക്കാരുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് പ്രക്ഷോഭം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, സംവരണമെന്ന പ്രധാനആവശ്യം പരിഹാരമില്ലാതെകിടക്കുന്നതിനാലാണ് സമരം പുനരാരംഭിക്കുന്നത്.

വിദ്യാഭ്യാസം, ജോലി എന്നീമേഖലകളിലെ സംവരണമാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ വിഷയത്തില്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷികളും സര്‍ക്കാരും അനുകൂലനിലപാടാണ് എടുത്തിട്ടുള്ളതെങ്കിലും പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. കോടതി നിര്‍ദേശിച്ചാല്‍ സംവരണം എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.