കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാംഗ സ്ഥാനത്തുനിന്ന് ടി.എം.സി. നേതാവ് മുകുൾ റോയിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. എം.എൽ.എ.യും പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി സ്പീക്കർ ബിമാൻ ബാനർജിക്ക് കത്തുനൽകി. കൃഷ്ണനഗർ ഉത്തർ നിയമസഭാ മണ്ഡലത്തിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായാണ് റോയി മത്സരിച്ച് ജയിച്ചത്.

പിന്നീട് മുന്നണിവിട്ട് മറ്റുപാർട്ടിയിൽ ചേർന്നതിനാൽ കൂറുമാറ്റ നിരോധനനിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് സുവേന്ദു നൽകിയ കത്തിൽ പറയുന്നു. ഇതുകൂടാതെ കൂറുമാറ്റ നിരോധനനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുവേന്ദുവിന്റെ നേതൃത്വത്തിൽ 50 ബി.ജെ.പി. എം.എൽ.എ.മാർ ഒപ്പിട്ട മെമ്മോറാണ്ടം ഗവർണർ ജഗദീപ് ധൻഖറിന് കൈമാറിയിട്ടുണ്ട്. റോയിയെ കൂടാതെ അദ്ദേഹത്തിന്റെ മകൻ സുബ്രാൻഷു റോയിയും വെള്ളിയാഴ്ച ടി.എം.സി.യിൽ ചേർന്നിരുന്നു. മറ്റ് പല ബി.ജെ.പി എം.എൽ.എ മാരും ടി.എം.സി.യുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് സുവേന്ദുവിന്റെ പുതിയ നീക്കം.