മുംബൈ: കഴിഞ്ഞദിവസം അന്തരിച്ച സന്ദീപ് നഹറിന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കടുത്ത ആഘാതമായിരുന്നെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. ഇരുവരും എം.എസ്. ധോനി എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മുംബൈയിലെ വസതിയിൽ സന്ദീപിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യക്കുറിപ്പും വീഡിയോയും ഫെയ്‌സ്ബുക്കിൽ പോസ്റ്റ്ചെയ്തശേഷമാണ് സിനിമകളിലും ടെലിവിഷനിലും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് ജീവനൊടുക്കിയത്. കലാരംഗത്തും കുടുംബജീവിതത്തിലും നേരിടേണ്ടിവന്ന തിരിച്ചടികളാണ് തന്നെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പിൽ സന്ദീപ് വ്യക്തമാക്കുന്നു.

അസ്വാഭാവികമരണത്തിന് കേസെടുത്ത മുംബൈ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ‘എം.എസ്. ധോനി-ദ അൺടോൾഡ് സ്റ്റോറി’യിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പവും ‘കേസരി’യിൽ അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ച സന്ദീപ്, കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

സുശാന്തിന്റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്ന് വെബ് സീരീസിൽ ഒപ്പം അഭിനയിക്കുന്ന സുചിത്ര പിള്ള പറഞ്ഞു. ഫെയ്‌സ്ബുക്കിലെ വീഡിയോകണ്ട് അദ്ദേഹവുമായി ബന്ധപ്പെടാൻ സഹപ്രവർത്തകർ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് അവർ അറിയിച്ചു. ഗോരെഗാവ് വെസ്റ്റിലെ ഫ്ലാറ്റിലാണ് ഭാര്യ കാഞ്ചനുമൊത്ത് സന്ദീപ് കഴിഞ്ഞിരുന്നത്.

തിങ്കളാഴ്ച മുറിയിൽക്കയറി കതകടച്ച സന്ദീപ് ഏറെനേരം കഴിഞ്ഞും പുറത്തുവരാതിരുന്നതിനെത്തുടർന്ന് രണ്ടുപേരുടെ സഹായത്തോടെ ഭാര്യ വാതിൽ പൊളിക്കുകയായിരുന്നു. സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഭാര്യയുടെയും അവരുടെ അമ്മയുടെയും പെരുമാറ്റം സഹിക്കാൻപറ്റുന്നില്ലെന്ന് ആത്മഹത്യക്കുറിപ്പിൽ സന്ദീപ് എഴുതിയിട്ടുണ്ട്.

Content Highlights: MS Dhoni actor Sandeep Nahar dies by suicide after posting long note on Facebook