ന്യൂഡൽഹി: മനുഷ്യപക്ഷത്തുനിന്നു സംസാരിച്ച എഴുത്തുകാരനും നിസ്വവർഗത്തിനായി പൊരുതിയ സോഷ്യലിസ്റ്റ് നേതാവുമായി ഓർമകളിൽ എം.പി. വീരേന്ദ്രകുമാർ ജ്വലിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടറും ചെയർമാനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 85-ാം ജന്മദിനാചരണത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച രാഷ്ട്രീയനേതാക്കളുടെ സ്മരണാഞ്ജലി അനുഭവത്തുടിപ്പുകളുടെ അലകടലായി.

ജനങ്ങൾക്കിടയിൽ സ്വന്തമായി ഇടംനേടിയ രാഷ്ട്രീയനേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കർശനമായിത്തന്നെ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. പാർലമെന്റിലെ ഇപ്പോഴത്തെ ബഹളം കാണുമ്പോൾ വീരേന്ദ്രകുമാറിനെപ്പോലെ വിവേകിയായ ഒരാളുടെ ഉപദേശത്തിന്റെ അഭാവം പ്രതിപക്ഷത്തു മുഴച്ചുനിൽക്കുന്നതായി തോന്നും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ അവതരിപ്പിക്കുമ്പോഴും എഴുത്തിലും മാതൃഭൂമിയുടെ സാരഥിയെന്ന നിലയിലും അവ സ്വാധീനിക്കാതെ അദ്ദേഹം നിഷ്പക്ഷത പുലർത്തി. വലുപ്പച്ചെറുപ്പമില്ലാതെ സമപ്രായക്കാരോടെന്നപോലെ അദ്ദേഹം ഇടപെട്ടതാണ് തനിക്കുള്ള അനുഭവമെന്നും വി. മുരളീധരൻ അനുസ്മരിച്ചു.

ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം നോക്കിയാൽ എം.പി. വീരേന്ദ്രകുമാർ പാർലമെന്റിലുണ്ടായിരുന്നെങ്കിൽ ആദ്യം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത് അദ്ദേഹമായിരിക്കുമെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഇപ്പോൾ രാജ്യത്തു നടക്കുന്നതു കണ്ടാൽ അദ്ദേഹം പൊട്ടിത്തെറിക്കുമായിരുന്നു. എതിർചേരിയിലും അനുകൂലചേരിയിലും നിൽക്കുമ്പോഴും തനിക്കു പിതൃതുല്യനായിരുന്നു വീരേന്ദ്രകുമാർ. ‍-വേണുഗോപാൽ പറഞ്ഞു.

സാഹിത്യലോകവുമായുള്ള ബന്ധമാണ് തന്നെയും വീരേന്ദ്രകുമാറിനെയും അടുപ്പിച്ചതെന്ന് ശശി തരൂർ എം.പി. അനുസ്മരിച്ചു. അദ്ദേഹത്തെ അവസാനമായി കണ്ടത് ഒരു പുസ്തകപ്രകാശനച്ചടങ്ങിലാണ്. ലോകനിലവാരമുള്ള ഒരു പുസ്തകശാല എന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് കോഴിക്കോട് മാതൃഭൂമി ബുക്ക് സ്റ്റാൾ. മൂല്യാധിഷ്ഠിത രാഷ്ട്രീയം, മനോഹരമായ പ്രസംഗം, സാഹിത്യഭംഗി തുടങ്ങിയവയെല്ലാം ഒരാളിൽ കാണുന്നത് അത്യപൂർവമാണ്. വീരേന്ദ്രകുമാറിന്റെ വേർപാട് ഒരു യുഗത്തിന്റെ അന്ത്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു.

മുന്നണി മാറിയാലും എന്നും മനുഷ്യപക്ഷത്തായിരുന്നു വീരേന്ദ്രകുമാറെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അനുസ്മരിച്ചു. ഇനിയൊരു ലോകയുദ്ധമുണ്ടായാൽ അത്‌ വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ആദ്യം പറഞ്ഞത് അദ്ദേഹമായിരുന്നു. സങ്കുചിതമായ മതിൽക്കെട്ടിനപ്പുറത്ത് ഉയർന്നുവരേണ്ട ജനകീയപ്രസ്ഥാനത്തിന്റെ കുത്തൊഴുക്ക് ഉള്ളിൽ സ്പന്ദനംപോലെ അനുഭവിപ്പിച്ച രാഷ്ട്രീയദാർശനികനായിരുന്നു വീരേന്ദ്രകുമാറെന്നും സമദാനി വിശേഷിപ്പിച്ചു.

എം.പി. മാരായ എളമരം കരീം, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, ബെന്നി ബെഹനാൻ, കെ. സോമപ്രസാദ്, തോമസ് ചാഴിക്കാടൻ, കെ. മുരളീധരൻ, ആന്റോ ആന്റണി, മുൻകേന്ദ്രമന്ത്രി കെ.വി. തോമസ് തുടങ്ങിയവരും സംസാരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എം.പി. സ്വാഗതവും മാതൃഭൂമി പ്രത്യേകപ്രതിനിധി എൻ. അശോകൻ നന്ദിയും പറഞ്ഞു.