ഭോപാൽ: കർണാടകത്തിൽ വിശ്വാസവോട്ടെടുപ്പിലൂടെ എച്ച്.ഡി. കുമാരസ്വാമിയെ പുറത്താക്കിയതിനു പിന്നാലെ, മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ ബുധനാഴ്ച ഏറ്റുമുട്ടി. പ്രതിപക്ഷത്തിന് ആവശ്യമെങ്കിൽ വിശ്വാസവോട്ടെടുപ്പു നടത്തിക്കൊള്ളാൻ മുഖ്യമന്ത്രി കമൽനാഥ് ബി.ജെ.പി.യോടു പറഞ്ഞു.

“ഇവിടെയിരിക്കുന്ന ഒരൊറ്റ എം.എൽ.എ. പോലും വിൽപ്പനയ്ക്കുള്ളവരല്ല. ഈ സർക്കാർ അഞ്ചുവർഷം ഭരണം പൂർത്തിയാക്കും”-കമൽ നാഥ് നിയമസഭയിൽ പറഞ്ഞു.

തന്റെ പാർട്ടിയുടെ നേതൃനിരയിലുള്ള ഒന്നാമത്തെയും രണ്ടാമത്തെയും നേതാക്കൾ നിർദേശിച്ചാൽ സർക്കാർ 24 മണിക്കൂർ പോലും വാഴില്ലെന്ന് ഇതിനു മറുപടിയായി പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ പറഞ്ഞു.

“നിങ്ങളുടെ ഒന്നാം നമ്പറും രണ്ടാം നമ്പറും ബുദ്ധിമാന്മാരാണ്. അതുകൊണ്ടാണ് അവർ അതിനുള്ള ഉത്തരവ് നൽകാത്തത്. നിങ്ങൾക്ക് ആവശ്യമെങ്കിൽ വിശ്വാസവോട്ടെടുപ്പ് നടത്താം”-കമൽനാഥ് തിരിച്ചടിച്ചു.

230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസ് നയിക്കുന്ന സഖ്യസർക്കാരിനു 121 അംഗങ്ങളാണുള്ളത്. എസ്.പി., ബി.എസ്.പി. പാർട്ടികളുടെയും നാലു സ്വതന്ത്രരുടെയും പിന്തുണ സർക്കാരിനുണ്ട്. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ക്രിമിനൽ നിയമ ഭേദഗതിബില്ലിനെ അനുകൂലിച്ച് രണ്ടു ബി.ജെ.പി. അംഗങ്ങൾ വോട്ടു ചെയ്തതിനു പിന്നാലെയാണ് നിശ്ചയിച്ചതിലും രണ്ടുദിവസം നേരത്തേ സഭ പിരിഞ്ഞത്. നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവരാണ് ബില്ലിനെ അനുകൂലിച്ച ബി.ജെ.പി. അംഗങ്ങൾ.

Content Highlights: Move no confidence motion if you want - Kamal Nath