ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ബെന്നാർഘട്ട റോഡിലുള്ള ദേവരചിക്കനഹള്ളിയിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ അമ്മയും മകളും മരിച്ചു. ലക്ഷ്മീദേവി (80), മകൾ ഭാഗ്യരേഖ (58) എന്നിവരാണ് മരിച്ചത്. ഇവർ ആന്ധ്ര സ്വദേശിനികളാണെന്നു കരുതുന്നു. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പുറത്തെത്താനാകാതെ വീടുകളിൽ കുടുങ്ങിപ്പോയ അഞ്ചുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ആശ്രിത് ആസ്പെയർ അപ്പാർട്ട്‌മെന്റിലാണ് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ തീപ്പിടിത്തമുണ്ടായത്. അഞ്ചുനിലയുള്ള പാർപ്പിടസമുച്ചയത്തിലെ മൂന്നാം നിലയിലെ ഒരുവീട്ടിലാണ് തീപടർന്നത്. പാചകവാതകസിലിൻഡർ പൊട്ടിത്തെറിച്ചതാണ് തീപ്പിടിത്തത്തിനുകാരണം. അടുത്തുള്ള നാലുവീടുകളിലേക്കും തീപടർന്നു. ഒരു വീടിന്റെ അടുക്കളയിൽ രക്ഷപ്പെടാനാകാതെ നിലവിളിക്കുന്ന ഒരു സ്ത്രീയെ പുറത്തുനിൽക്കുന്നവർക്കു കാണാമായിരുന്നു. അടുക്കളയുടെ പിറകുഭാഗത്ത് ഇരുമ്പുവല ഉള്ളതിനാൽ ചാടിരക്ഷപ്പെടാനും കഴിയാത്ത നിലയിലായിരുന്നെന്ന് കണ്ടുനിന്നവർ പറഞ്ഞു. 72 വീടുകളുള്ള പാർപ്പിടസമുച്ചയമാണിത്. വലിയ സ്ഫോടനത്തോടുകൂടി തീ പടർന്നുപിടിക്കുകയും പുക പടരുകയും ചെയ്തതോടെ വീടുകളിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി. തീ പടർന്നുപിടിച്ച വീടുകളിലെ സാധനങ്ങൾ കത്തിച്ചാമ്പലായി. കുറെ വീടുകൾ പുകയിൽ മുങ്ങി.

അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് വൈകീട്ട് ഏഴോടെ തീ നിയന്ത്രണവിധേയമാക്കി. ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ ജനറൽ അമർ കുമാർ പാണ്ഡെ, സതീഷ് റെഡ്ഡി എം.എൽ.എ. എന്നിവർ സ്ഥലം സന്ദർശിച്ചു.