കോഴിക്കോട്: രണ്ടാംവട്ടം കേരളത്തിലെത്തിയ ബോളിവുഡ് നടി സണ്ണി ലിയോണിൻറെ വാർത്ത യൂട്യൂബിൽ കണ്ടത് പത്തുലക്ഷത്തിലേറെ പേർ. സ്വകാര്യചാനൽ ഷോയുടെ ചിത്രീകരണത്തിനായി അവർ കേരളത്തിലെത്തിയ വാർത്ത മാതൃഭൂമി ന്യൂസ് ആയിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത യൂട്യൂബിൽകണ്ടത് 10,04,722 പേരാണ്.

സിൽക്ക് സ്മിതയോടും ഷക്കീലയോടുമൊക്കെ തോന്നിയ സ്നേഹത്തിന്റെ ഒരുപടികൂടെ ഉയർന്ന തലത്തിലാണ് ഒരുപിടിയാളുകൾ മനസ്സിൽ സണ്ണി ലിയോണിനെ പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണിതെന്ന് മാനസികാരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. അടിച്ചമർത്തപ്പെട്ട ലൈംഗികതയിൽനിന്നുള്ള വിമുക്തിയാണ് ഇത്തരം താരങ്ങളും അവരുടെ സിനിമകളുമെന്ന് സൈക്കോളജിസ്റ്റ് കലാമോഹൻ വിലയിരുത്തുന്നു. ‘‘സണ്ണി ലിയോൺ അവരുടെ പ്രൊഫഷൻ ഭംഗിയായി ചെയ്യുന്നൊരാളാണ്. അവരെക്കണ്ട് ആരും വഴിതെറ്റില്ല. കാണുന്നത് എങ്ങനെ എടുക്കണമെന്നത് ഓരോരുത്തരുടെയും മനസ്സാണ് തീരുമാനിക്കേണ്ടത്.’’

ആഗോളതലത്തിൽത്തന്നെ ഈ പ്രതിഭാസം ദൃശ്യമാണെന്ന് സെക്സോളജിസ്റ്റായ ഡോ. കെ. പ്രമോദു നിരീക്ഷിക്കുന്നു. “പുറംരാജ്യങ്ങൾ ഫ്രീ സെക്സ് അടക്കം എന്തുവികാരങ്ങളും യഥേഷ്ടം പ്രകടിപ്പിക്കാവുന്ന സാഹചര്യത്തിലേക്ക് വന്നിട്ടുണ്ട്. ഇവിടെ ഇപ്പോഴും അത് രഹസ്യമായി ആസ്വദിക്കാനേ പറ്റുന്നുള്ളൂ. അതുകൊണ്ടാണ് ലൈംഗികതാത്പര്യങ്ങളും സ്വപ്നങ്ങളും മറ്റാരുമറിയാതെ ആസ്വദിക്കാനുള്ള ത്വരയുണ്ടാവുന്നത്. അതിന്റെയൊരു പൂർത്തീകരണമാണ് സണ്ണി ലിയോൺ. അങ്ങനെയൊരാൾ കേരളത്തിൽ വരുമ്പോൾ അവരെ കാണുന്നതിലൂടെ വലിയൊരു അനുഭൂതിയും സന്തോഷവും പലരുടെയും മനസ്സിലുണ്ടാവുന്നുണ്ട്” -അദ്ദേഹം അഭിപ്രായപ്പെടുന്നു.

content highlights: more than 10 lakh people watched news on sunny leon's kerala visit