ന്യൂഡൽഹി: കോവിഡ് അടച്ചിടലിനെത്തുടർന്ന് വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ആറുമാസത്തെ കൂട്ടുപലിശയോ പിഴപ്പലിശയോ ഈടാക്കരുതെന്ന് സുപ്രീംകോടതി. ഏതുതരം വായ്പയാണെങ്കിലും തുക എത്രതന്നെയാണെങ്കിലും ഇത് ബാധകമാണ്. അങ്ങനെ ഈടാക്കിയിട്ടുണ്ടെങ്കിൽ അടുത്ത മാസതവണയിൽ അത് കുറയ്ക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം, മൊറട്ടോറിയം കാലാവധി നീട്ടണം, ആ കാലത്തെ പലിശ ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ സുപ്രീംകോടതി തള്ളി.

രണ്ടുകോടി രൂപവരെ അടച്ചുതീർക്കാൻ ബാക്കിയുള്ള വായ്പയ്ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രവും റിസർവ് ബാങ്കും വ്യക്തമാക്കിയിരുന്നു. എന്നാൽ, തുക എത്രയാണെങ്കിലും കൂട്ടുപലിശ ഈടാക്കരുതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. വിദ്യാഭ്യാസം, വാഹനം, ഉപഭോക്തൃസാധനങ്ങൾ, ഭവനം, ചെറുകിട വ്യവസായം, ക്രെഡിറ്റ് കാർഡ്, വീട്ടുപകരണം, വ്യക്തിഗത വായ്പ എന്നിങ്ങനെ എട്ടുതരം വായ്പകൾക്കാണ് കൂട്ടുപലിശയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് വിവേചനമാണെന്നും എല്ലാതരം വായ്പകൾക്കും ആനുകൂല്യം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

നിക്ഷേപകർക്ക് പലിശ നൽകുന്നതുൾപ്പെടെ ബാങ്കുകൾക്ക് വലിയ ബാധ്യതകളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരിന്റെ സാമ്പത്തികനയങ്ങൾ ദുരുദ്ദേശ്യപരമോ ഏകപക്ഷീയമോ അല്ലാത്തപക്ഷം അവയിൽ കോടതി ഇടപെടില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെയുള്ള വായ്പാ തിരിച്ചടവുകൾക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. ഇക്കാലത്തും ബാങ്കുകൾ പലിശയും അതിനുമേൽ കൂട്ടുപലിശയും ഈടാക്കിത്തുടങ്ങിയതോടെയാണ് വിവിധ മേഖലയിൽനിന്നുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. പലിശ ഈടാക്കരുത്, മൊറട്ടോറിയം കാലാവധി നീട്ടണം, ഓരോ മേഖലയ്ക്കും വെവ്വേറെ പാക്കേജുകൾ അനുവദിക്കണം തുടങ്ങിയ ആവശ്യമുയർന്നു. എന്നാൽ, അതെല്ലാം സർക്കാരിന്റെ നയപരമായ തീരുമാനങ്ങളാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കോവിഡ് കാരണം സമസ്തമേഖലയ്ക്കും സർക്കാരിനും നഷ്ടമുണ്ടായിട്ടുണ്ട്. സർക്കാരിന്റെ ജി.എസ്.ടി. വരുമാനമുൾപ്പെടെ കുറഞ്ഞിട്ടും വിവിധ സാമ്പത്തിക പാക്കേജുകൾ അവതരിപ്പിച്ചകാര്യവും വിധിയിൽ ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗക്കാരുടെയും വായ്പകളുടെ പലിശ മുഴുവൻ എഴുതിത്തള്ളാൻ ആറുലക്ഷം കോടിയിലേറെ രൂപ വേണ്ടിവരുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വായ്പയെടുത്തവർ പലിശനൽകിയാൽ മാത്രമേ നിക്ഷേപകർക്ക് പലിശനൽകാൻ ബാങ്കുകൾക്ക് സാധിക്കൂവെന്നും സർക്കാർ അറിയിച്ചിരുന്നു.

Content Highlights: Moratorium benefit on all loans