ന്യൂഡല്‍ഹി: ചരക്ക്- സേവന നികുതി ബില്‍ പാസ്സാക്കിയതിനെത്തുടര്‍ന്ന് ധനമന്ത്രാലയത്തിന്റെ മൂന്ന് നിര്‍ണായകബില്ലുകള്‍ പാര്‍ലമെന്റിലെത്തും. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച ബാങ്കിങ് റെഗുലേഷന്‍ ഭേദഗതിചട്ടം, പാപ്പരായ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബാങ്ക്‌റപ്റ്റ്‌സി ബില്‍, നബാര്‍ഡ് ഭേദഗതിബില്‍ എന്നിവയാണ് മഴക്കാലസമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ഈ മാസം 17-നാണ് സമ്മേളനം ആരംഭിക്കുന്നത്. ബാങ്കിങ് നിയന്ത്രണ ചട്ടം ഭേദഗതിചെയ്യുന്നതിന് കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് പകരം ബാങ്കിങ് റെഗുലേഷന്‍ ചട്ടം ഭേദഗതി ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പണം തിരിച്ചടവില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കുമേല്‍ പാപ്പര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കുന്നതിന് റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം.

1981-ലെ നബാര്‍ഡ് ചട്ടം ഭേദഗതി ചെയ്യുന്നതിന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബില്ലവതരിപ്പിച്ചിരുന്നു. നബാര്‍ഡിന്റെ മൂലധനം അയ്യായിരം കോടിയില്‍നിന്ന് മുപ്പതിനായിരം കോടിയായി ഉയര്‍ത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ രാജ്യസഭയിലെ എന്‍.ഡി.എ.യുടെ അംഗബലം വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഇത് സഹായകരമാകുമെന്ന് ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പ്രതിപക്ഷത്തിന് മേധാവിത്വമുള്ള രാജ്യസഭ സര്‍ക്കാരിന് വലിയ കടമ്പയാണ്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിതി മാറുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

2018 ഏപ്രിലോടെ രാജ്യസഭയില്‍നിന്ന് വിവിധ പാര്‍ട്ടി അംഗങ്ങളായ 72 അംഗങ്ങള്‍ വിരമിക്കും. അതോടെ കോണ്‍ഗ്രസിന്റെ അംഗബലം അമ്പത്തിയെട്ടില്‍നിന്ന് നാല്‍പത്തിയെട്ടായി കുറയും. ബി.ജെ.പി.യുടെ അംഗങ്ങള്‍ അമ്പത്തിയാറില്‍നിന്ന് എഴുപതായി വര്‍ധിക്കും. ജനുവരിയോടെ ആം ആദ്മി പാര്‍ട്ടിയുടെ അംഗങ്ങള്‍ ആദ്യമായി രാജ്യസഭയിലെത്തും. ഡല്‍ഹിയില്‍നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിരമിക്കുന്നതിനുപകരമാണ് ആപ്പിന്റെ പ്രതിനിധികളെത്തുന്നത്.