ന്യൂഡൽഹി: നടൻ മോഹൻലാൽ, ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സംഗീതജ്ഞൻ കെ.ജി. ജയൻ, ടാറ്റ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. മാമ്മൻ ചാണ്ടി ഉൾപ്പെടെ 47 പേർക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പദ്മ പുരസ്കാരങ്ങൾ സമ്മാനിച്ചു.

രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ മോഹൻലാൽ, അകാലിദൾ നേതാവ് സുഖ്‌ദേവ് സിങ് ധിൻസ, പ്രമുഖ പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ (മരണാനന്തര ബഹുമതി), ഹുക്കുംദേവ് നാരായൺ യാദവ് തുടങ്ങിയവർക്ക് രാഷ്ട്രപതി പദ്‌മഭൂഷൺ സമ്മാനിച്ചു.

സ്വാമി വിശുദ്ധാനന്ദ, കെ.ജി. ജയൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവിദ്വാൻ ശിവമണി, നടൻ പ്രഭുദേവ, മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ തുടങ്ങിയവർ പദ്‌മശ്രീയും ഏറ്റുവാങ്ങി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 112 പേർക്കാണ് പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ശേഷിക്കുന്നവർക്ക് ഈമാസം 16-ന് പുരസ്കാരം സമ്മാനിക്കും.

ഭാര്യ സുചിത്രയോടൊപ്പമാണ് മോഹൻലാൽ പുരസ്കാരം സ്വീകരിക്കാനെത്തിയത്.

വലിയ പുരസ്കാരം

വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും ലഭിച്ച വലിയ ബഹുമതിയാണിത്. സിനിമാമേഖലയിലെ എന്റെ 41-ാം വർഷമാണിത്. സഹപ്രവർത്തകർക്കും കുടുംബത്തിനും ഈ മനോഹരയാത്രയിൽ എന്നെ പിന്തുണച്ചവർക്കുമായി ഈ നേട്ടം സമർപ്പിക്കുന്നു

-മോഹൻലാൽ

Content Highlights: Mohanlal, Padma awards