ന്യൂഡൽഹി: ഒരു നിമിഷം അവർ സ്വന്തം വീട്ടുമുറിയിലെത്തി. പനിപിടിച്ചു തളർന്നു കിടക്കുമ്പോൾ ജീവൻ തിരിച്ചു പിടിക്കുന്ന ഔഷധംപോലെ വയറു നിറയെ കുടിക്കാൻ ഉപ്പുകഞ്ഞി. കോവിഡ് ബാധിച്ചു ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്‌സുമാർക്ക് സ്നേഹത്തിന്റെ കരുതലൊരുക്കിയത് ഇഷ്ടനായകൻ മോഹൻലാൽ. വിഷുദിനത്തിൽ മൂവായിരം കിലോമീറ്റർ അകലെയിരുന്ന് കോവിഡ് ബാധിതർ ആ ആശ്വാസ സ്പർശമറിഞ്ഞു.
കഴിഞ്ഞദിവസം മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിലെ ‘സല്യൂട്ട് ദി ഹീറോസ്’ പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു. ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സുമാരുമായി അദ്ദേഹം സംസാരിച്ചു. എല്ലാവരുടേയും സുഖവിവരമന്വേഷിച്ചു. തങ്ങൾ ആശുപത്രിയിൽ നേരിടുന്ന പ്രശ്നങ്ങൾ പത്തനംതിട്ട സ്വദേശിയായ നഴ്സും മറ്റൊരു നഴ്സും ലാലിനോട് വിവരിച്ചു. നാട്ടിലേതുപോലെ ഇത്തിരി ഉപ്പിട്ട കുത്തരിക്കഞ്ഞി മതി, മറ്റൊന്നും വേണ്ട എന്നായിരുന്നു അവർ പങ്കുവെച്ച മോഹം.
ഉടൻ മോഹൻലാൽ മാതൃഭൂമി വഴി ഡൽഹിയിലെ സാമൂഹികപ്രവർത്തകരെ വിളിച്ചു. ഡിസ്ട്രസ് മാനേജ്മെൻറ്് കളക്ടീവ് കോ-ഓർഡിനേറ്റർ ദീപ മനോജ് ദിൽഷാദ് കോളനിയിൽ സമൂഹ അടുക്കള നടത്തുന്നവരെ വിളിച്ച് മോഹൻലാലിന്റെ ആഗ്രഹമറിയിച്ചു. വിജയൻ ഗ്രാമഭവൻ, സുരേഷ്, വിനോദ്, ഉണ്ണി, രാജേന്ദ്രൻ, ഹരിപ്പാട് സുരേഷ് തുടങ്ങിയവർ ചേർന്നു നടത്തുന്നതാണ് ഈ അടുക്കള. അവർ ആശുപത്രിയിലെ 19 നഴ്സുമാർക്ക് കഞ്ഞിയും പയറും എത്തിച്ചുക്കൊടുത്തു. ഇതോടെ രോഗക്കിടക്കയിൽ മലയാളി നഴ്സുമാർക്ക് സ്വന്തം വീട്ടിലെത്തിയ പ്രതീതി. തന്റെ ആഗ്രഹം നിറവേറ്റിയ മലയാളി സാമൂഹിക പ്രവർത്തകരെ നേരിൽ വിളിച്ചുതന്നെ മോഹൻലാൽ നന്ദി അറിയിച്ചു.
Content Highlights: mohan lal helping nurses in delhi who tested corona positive through salut the hero