മഹാബലിപുരം: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് താമസിക്കുന്ന ചെന്നൈ ഗിണ്ടിയിലെ ഐ.ടി.സി. ഗ്രാൻഡ് ചോള ഹോട്ടലിനു മുന്നിൽ പ്രതിഷേധിക്കാനെത്തിയ അഞ്ചു ടിബറ്റുകാരെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ നിന്നെത്തിയ ആറു ടിബറ്റുകാരെയും ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തേ ചെന്നൈ, മഹാബലിപുരം, വിഴുപുരം എന്നിവടങ്ങളിൽനിന്ന് ഒമ്പതു ടിബറ്റുകാരെ അറസ്റ്റുചെയ്തിരുന്നു. 42 പേരെ കസ്റ്റഡിയിലുമെടുത്തു.
* ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തിയതിനുപിന്നാലെ അദ്ദേഹത്തിനെതിരേ ട്വിറ്ററിൽ ‘ഗോ ബാക്ക്’ ഹാഷ്‌ടാഗുകൾ. തമിഴിലും ഇംഗ്ലീഷിലും ചൈനീസിലും ഹാഷ്‌ടാഗ് പ്രചരിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഒന്നരലക്ഷത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്‍ടാഗിൽ പോസ്റ്റുചെയ്തത്. ചൈനീസ് ഭാഷയിലുള്ള ഹുയ്ദാവോ മോദി ഹാഷ് ടാഗ് വ്യാഴാഴ്ച വൈകീട്ടേ ട്വിറ്ററിൽ പ്രചരിച്ചു തുടങ്ങിയിരുന്നു.
ഗോബാക്ക് മോദിയെ പ്രതിരോധിക്കാൻ ‘ടി.എൻ.വെൽക്കം മോദി’ ഹാഷ്‌ടാഗിൽ ഒട്ടേറെ പോസ്റ്റുകൾ വന്നെങ്കിലും പ്രചാരം നേടിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് സന്ദർശിക്കുമ്പോഴെല്ലാം ഗോബാക്ക് മോദി ഹാഷ്‌ടാഗ് പതിവാണ്. ഡി.എം.കെ. ഉൾപ്പെടെ പ്രതിപക്ഷപാർട്ടികൾ ഉച്ചകോടിയെ സ്വാഗതം ചെയ്യുകയും മഹാബലിപുരം വേദിയാക്കിയതിനു പ്രധാനമന്ത്രിക്കു നന്ദി അറിയിക്കുകയും ചെയ്തുവെങ്കിലും സാമൂഹികമാധ്യമത്തിലെ ‘ഗോബാക്ക്’ വിളിക്കു കുറവുണ്ടായില്ല.
Content Highlights: modi xi summit mahabalipuram; tibetans protest in front of itc grand chola hotel