ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ വറുത്തരച്ച സാമ്പാറും മസാല ചേർത്ത മലബാർ കൊഞ്ചുകറിയും. ആട്ടിറച്ചി ഉലർത്തിയതും തഞ്ചാവൂർ കോഴിക്കറിയും ആന്ധ്ര ശൈലിയിലുള്ള മട്ടൻ ബിരിയാണിയുമുൾപ്പെടെയുള്ള സസ്യേതരവിഭവങ്ങൾക്കൊപ്പം തക്കാളി രസവും വഴുതനക്കുഴമ്പുമുൾപ്പെടെയുള്ള സസ്യവിഭവങ്ങളുണ്ടായിരുന്നു. അടപ്രഥമനും ഹൽവയും മക്കാനി ഐസ്‌ക്രീമുമായിരുന്നു മധുരങ്ങൾ.
സമ്മാനം നാച്ചിയാർകോവിൽ വിളക്ക്
തമിഴ്‌നാടിന്റെ തനതു കരകൗശലവസ്തുക്കളാണ് ഷിയ്ക്കു സമ്മാനമായി മോദി നൽകിയത്. നാച്ചിയാർകോവിൽ പട്ടണത്തിൽ മാത്രമുണ്ടാക്കുന്ന നാച്ചിയാർ കോവിൽ വിളക്കാണ് അവയിലൊന്ന്. ഒാടിൽ സ്വർണംപൂശിയ വിളക്കിന് ആറടി ഉയരമുണ്ട്. നൃത്തംചെയ്യുന്ന സരസ്വതിയുടെ തഞ്ചാവൂർ പെയിന്റിങ്ങും സമ്മാനിച്ചു. മൂന്നടി നീളവും നാലടി വീതിയും 40 കിലോഗ്രാം ഭാരവുമുള്ള പെയിന്റിങ്ങാണിത്.
Content Highlights: modi xi summit mahabalipuram, ada pradhaman for dinner