മഹാബലിപുരം: 2018 ഏപ്രിൽ 28-ന് ചൈനയിലെ വുഹാനിലായിരുന്നു മോദി-ഷി ആദ്യ അനൗപചാരിക ഉച്ചകോടി. കരാറുകളോ ധാരണാപത്രങ്ങളോ അന്ന് ഒപ്പുവെച്ചില്ല.
മഹാബലിപുരത്തെ കൂടിക്കാഴ്ചയിലും കരാറുകളെന്തെങ്കിലും ഒപ്പിടാനിടയില്ല. ഇരുവരും തമ്മിലുള്ള ചർച്ചയ്ക്കുശേഷം വെവ്വേറെ പ്രസ്താവന പുറപ്പെടുവിക്കാനാണ് സാധ്യത.
ജമ്മുകശ്മീർ, അതിർത്തിത്തർക്കം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകാനിടയില്ല. സാധ്യതയുള്ള വിഷയങ്ങൾ:
* ഉഭയകക്ഷി വ്യാപാരത്തിലെ കമ്മി, ഇന്ത്യൻ കമ്പനികൾക്ക് ചൈനയിൽ കമ്പോളം തുറക്കൽ, ആർ.സി.ഇ.പി. കരാർ. ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് 5300 കോടി ഡോളറിന്റെയെങ്കിലും കമ്മിയുണ്ട്. ചൈന ഇന്ത്യൻ കമ്പനികൾക്ക് കമ്പോളം അനുവദിച്ചാൽ ഇതു കുറയ്ക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
* ആർ.സി.ഇ.പി. കരാർ ഇന്ത്യയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കൂട്ടാനിടയാക്കും. ഇത് ആഭ്യന്തര ഉത്പാദനത്തെയും വ്യവസായത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കരാർ ചർച്ചാവിഷയമാകുമെന്നു കരുതുന്നത്. നവംബർ ഒന്നാണ് ആർ.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നത്.
* പഴയ പട്ടുപാത പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിന്റെ ഒരുഭാഗം പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്നതിനാൽ ഇന്ത്യ ആ പദ്ധതിയെ എതിർക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാൻമാർ അടിസ്ഥാനസൗകര്യവികസനപദ്ധതി ചർച്ചയിലിടം നേടിയേക്കും.
ചർച്ച ഫിഷർമാൻസ് കോവ് റിസോർട്ടിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങുന്ന ഫിഷർമാൻസ് കോവ് റിസോർട്ടിലാണ് ഇരുനേതാക്കളുടെയും ശനിയാഴ്ചത്തെ കൂടിക്കാഴ്ച. ഗിണ്ടിയിലെ ഐ.ടി.സി. ഗ്രാൻഡ് ചോള ഹോട്ടലിൽ തങ്ങുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രാവിലെ 9.50-ന് ഫിഷർമാൻസ് കോവിലെത്തും. പത്തിന് ഇരുനേതാക്കളും തമ്മിലുള്ള ചർച്ച 40 മിനിറ്റ് നീളും.
Content Highlights: modi xi summit mahabalipuram