മഹാബലിപുരം: പല്ലവരാജവംശത്തിന്റെ ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾ ഒരുമിച്ച് നടന്നുകണ്ടും കരിക്കിൻവെള്ളം കുടിച്ച് കുശലംപറഞ്ഞും രണ്ടാം അനൗപചാരിക ഉച്ചകോടിയുടെ ആദ്യദിനം ചെലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും. കശ്മീർ പ്രശ്നത്തിന്റെ പേരിൽ ഉഭയകക്ഷിബന്ധത്തിൽ അസ്വാരസ്യം നിറഞ്ഞിരിക്കേ നടക്കുന്ന കൂടിക്കാഴ്ചയെ അത് ബാധിക്കില്ലെന്ന സൂചന നൽകുന്നതായിരുന്നു ഇരുനേതാക്കളുടെയും ശരീരഭാഷ.
പരമ്പരാഗത തമിഴ്‌വേഷമായ വേഷ്ടിയും വെള്ളഷർട്ടും അംഗവസ്ത്രവുമണിഞ്ഞാണ് ഷിക്കൊപ്പം ചരിത്രസ്മാരകങ്ങൾ കാണാൻ മോദിയെത്തിയത്. ഷിയാകട്ടെ പുറംകുപ്പായമൊഴിവാക്കി വെള്ളഷർട്ടും കറുത്ത പാൻറ്സുമണിഞ്ഞെത്തി. അർജുന തപസ്സ്, കൃഷ്ണന്റെ വെണ്ണക്കല്ല്, പഞ്ചരഥം, കടൽക്കരക്ഷേത്രം എന്നിവ ഇരുവരും നടന്നുകണ്ടു. ഓരോ സ്മാരകത്തിന്റെയും പ്രത്യേകതയും പ്രാധാന്യവും മോദി, ഷിക്ക് വിവരിച്ചുകൊടുത്തു. പരിഭാഷകരും ഒപ്പമുണ്ടായിരുന്നു.
പഞ്ചരഥത്തിനുസമീപം 15 മിനിറ്റ് ഇരുവരും വിശ്രമിച്ചു. കരിക്കിൻവെള്ളം കുടിച്ച്, കുശലം പറഞ്ഞു. പിന്നീട് കടൽക്കരക്ഷേത്രത്തിലേക്കുപോയ ഇവർക്കൊപ്പം കലാപ്രകടനം കാണാൻ രണ്ടുരാജ്യത്തെയും നയതന്ത്രപ്രതിനിധികളുമുണ്ടായിരുന്നു.
ഉച്ചതിരിഞ്ഞ് രണ്ടോടെയാണ് ഷി ജിൻപിങ്, ചെന്നൈ വിമാനത്താവളത്തിലെത്തിയത്. തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി എന്നിവർചേർന്ന് സ്വീകരിച്ചു. വിദേശകാര്യമന്ത്രി വാങ് യി, സ്റ്റേറ്റ് കൗൺസിലർ യാങ് ജെയ്ചി എന്നിവരുൾപ്പെടെ 90 അംഗ നയതന്ത്രപ്രതിനിധിസംഘമാണ് ഷിക്കൊപ്പമുള്ളത്.
രാവിലെ പതിനൊന്നരയോടെ ചെന്നൈയിലെത്തിയ മോദി, ഷി വിമാനമിറങ്ങി മിനിറ്റുകൾക്കകം അദ്ദേഹത്തെ ട്വിറ്ററിലൂടെ സ്വാഗതംചെയ്തു. വിേദശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
കാവടിയുടെയും നാദസ്വരത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ചുവപ്പുപരവതാനിവിരിച്ച് വിമാനത്താവളത്തിൽ ഷിയെ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെ പത്തിന് ചെന്നൈയിലെ ഫിഷർമാൻസ് കോവ് റിസോർട്ടിലാണ് മോദി-ഷി ചർച്ച. അതിനുശേഷം ഇരുരാജ്യത്തിന്റെയും നയതന്ത്രപ്രതിനിധികളുടെ ചർച്ചയുമുണ്ടാകും. അതുകഴിഞ്ഞാൽ നേതാക്കൾ വെവ്വേറെ പ്രസ്താവനയിറക്കും.
Content Highlights: Modi Xi summit; discussion will be held today