ചെന്നൈ: ദക്ഷിണേഷ്യയിലെ രണ്ടു വൻശക്തികളുടെ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 16,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സുരക്ഷാസേനാംഗങ്ങളുമുണ്ട്. ചെന്നൈയെയും മഹാബലിപുരത്തെയും ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡിലെ സുരക്ഷ പരിശോധിക്കാൻ ഡ്രോണുമുപയോഗിച്ചു. തീരനഗരമായതിനാൽ പടക്കപ്പലുകളും നാവികസേനയും തീരസേനയും സുരക്ഷയൊരുക്കുന്നുണ്ട്.
മഹാബലിപുരത്തേക്കുള്ള റോഡുകൾ അടച്ചു. ഇവിടെനിന്ന് 35 കിലോമീറ്റർ അകലെ സ്വകാര്യവാഹനങ്ങളുടെ ഗതാഗതം അവസാനിപ്പിച്ചു. കടകളും ഹോട്ടലുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ചെന്നൈയിലെ ചില ഐ.ടി. കമ്പനികൾ ജീവനക്കാരോടു വീട്ടിലിരുന്നു ജോലിചെയ്യാൻ നിർദേശിച്ചു.
അലങ്കാരത്തിനു പച്ചക്കറികൾ
ചരിത്രസ്മാരകം കാണാനെത്തിയ ഷി ജിൻപിങ്ങിനെ എതിരേൽക്കാനായി പഞ്ചരഥത്തിനടുത്തുള്ള കവാടം അലങ്കരിച്ചത് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച 18 തരം പച്ചക്കറികളും പഴങ്ങളുംകൊണ്ട്. മഹാബലിപുരം ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിലെ ഇരുനൂറോളം ജീവനക്കാരും തൊഴിലാളികളും ചേർന്ന് പത്തുമണിക്കൂറോളമെടുത്താണ് അലങ്കാരം പൂർത്തിയാക്കിയത്.
ചെന്നൈ വിമാനത്താവളവും വാഴയിലകളും പൂമാലകളും പഴങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു. എട്ടടി ഉയരത്തിലുള്ള കല്ലിൽ തീർത്ത മീനാക്ഷീദേവീ ശില്പവും ഇവിടെ സ്ഥാപിച്ചിരുന്നു. ഷിയുടെ ചിത്രമുള്ള മുഖംമൂടിയും ചുവന്ന ടീ-ഷർട്ടുമണിഞ്ഞ് രണ്ടായിരത്തോളം സ്കൂൾവിദ്യാർഥികളാണ് ഇരുരാജ്യങ്ങളുടെയും ദേശീയപതാകവീശി അദ്ദേഹത്തെ സ്വാഗതം ചെയ്തത്.