ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു പ്രചാരണത്തിരക്കൊഴിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് നയതന്ത്രയാത്രകളുടെ തിരക്ക്. അടുത്ത രണ്ടുമാസത്തില്‍ ശ്രീലങ്ക, റഷ്യ, ജര്‍മനി, സ്‌പെയിന്‍, കസാഖ്‌സ്താന്‍ എന്നിങ്ങനെ അഞ്ചുരാജ്യങ്ങള്‍ സന്ദര്‍ശിക്കും.

ആറുമാസംമുമ്പ് നടത്തിയ ജപ്പാന്‍ സന്ദര്‍ശനമായിരുന്നു പ്രധാനമന്ത്രിയുടെ അവസാനത്തെ വിദേശയാത്ര. തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനവും നിയമസഭാ തിരഞ്ഞെടുപ്പുകളും വന്നതുമൂലം യാത്രകളുണ്ടായില്ല.

ബുദ്ധമതസമ്മേളനത്തില്‍ പങ്കെടുക്കാനായി മേയ് പകുതിയോടെ പ്രധാനമന്ത്രി ശ്രീലങ്കയിലെത്തും. ഇതോടൊപ്പം ബുദ്ധമതപ്രാതിനിധ്യമുള്ള രാജ്യങ്ങള്‍ സംഘടിപ്പിക്കുന്ന ഐക്യരാഷ്ട്രദിനാഘോഷങ്ങളിലും പങ്കെടുക്കും. ശ്രീലങ്കയില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച ആസ്​പത്രിയും ഉദ്ഘാടനം ചെയ്യും.

ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റഷ്യാ സന്ദര്‍ശനം. ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സാമ്പത്തികഫോറം, ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കും.

ഇന്തോ-ജര്‍മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിഷന്റെ നാലാമത് യോഗത്തില്‍ പങ്കെടുക്കാനായി ബെര്‍ലിനും സന്ദര്‍ശിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മോദി ജര്‍മന്‍നിക്ഷേപം ക്ഷണിക്കും. കേന്ദ്രപദ്ധതികളായ സ്മാര്‍ട്ട് സിറ്റി, പ്രതിരോധം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം തേടിയാകും സ്‌പെയിന്‍ യാത്ര.