ന്യൂഡൽഹി: ജമ്മുകശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾക്കു മുന്നിൽ ആവർത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനൊപ്പമുള്ള വേദി ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡമോക്രാറ്റുകൾക്കു മുൻതൂക്കമുള്ള ഹൂസ്റ്റണിൽ അടുത്ത തിരഞ്ഞെടുപ്പിലേക്കു മോദിയുടെ സഹായത്തോടെ ഇന്ത്യക്കാരുടെ പിന്തുണ തേടി ട്രംപ്. ‌ ‘ഒരിക്കൽ കൂടി ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യം മുഴക്കിയ മോദി നയതന്ത്ര കീഴ്‌വഴക്കങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി ഇന്ത്യയിലെ പ്രതിപക്ഷം. ഹൂസ്റ്റണിൽ ഞായറാഴ്ച നടന്ന ‘ഹൗഡി മോദി’ സംഗമം രാജ്യ-രാജ്യാന്തര തലങ്ങളിൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നു.

ജമ്മുകശ്മീർ വിഷയം അന്താരാഷ്ട്ര വിഷയമാക്കുന്നതിനായി പാകിസ്താൻ നിരന്തരം ശ്രമിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി അമേരിക്കൻ വേദി ഉപയോഗിച്ച് ഇന്ത്യയുടെ നിലപാട് ആവർത്തിച്ചത്. 370-ാം അനുച്ഛേദം കശ്മീരിനെ വികസനത്തിൽനിന്ന് അകറ്റിയെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവർ ഈ അന്തരീക്ഷത്തെ ദുരുപയോഗം ചെയ്‌തെന്നും പാകിസ്താനെ ഉദ്ദേശിച്ച് മോദി ആരോപിച്ചു. ഇസ്‌ലാമിക ഭീകരവാദത്തിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്ന് അതേവേദിയിൽ ട്രംപ് മറുപടി നൽകി. ഈ പ്രഖ്യാപനം പാകിസ്താനെ ലക്ഷ്യമിട്ടാണെന്നു വ്യക്തം.

എന്നാൽ, ട്രംപ്‌സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നു മോദി നടത്തിയ പ്രഖ്യാപനം വിവാദമായി. ‘അബ് കി ബാർ ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി ട്രംപിനെ വേദിയിൽ സംസാരിക്കാൻ ക്ഷണിച്ചത്. ഈ ഗ്രഹത്തിൽ എല്ലാവർക്കും സുപരിചിതനായ ട്രംപ് എന്നു മോദി വിശേഷിപ്പിക്കുകയും ചെയ്തു. ട്രംപിന്റെ എതിരാളികളായ ഡെമോക്രാറ്റുകൾക്കാണ് ടെക്സസിലും ഹൂസ്റ്റണിലും മുൻതൂക്കം. 2016-ൽ ഹൂസ്റ്റണിലെ ഇന്ത്യക്കാരിൽ 80 ശതമാനം പേരും ട്രംപിന്റെ എതിർസ്ഥാനാർഥി ഹില്ലരി ക്ലിന്റനായിരുന്നു വോട്ടുനൽകിയത്. ഈ സാഹചര്യം മോദിയുടെ പിന്തുണയോടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് വേദിയിലെത്തിയതെന്നാണു സൂചന.

എന്നാൽ, കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് പ്രധാനമന്ത്രി മോദി ഹൂസ്റ്റൺ വേദിയിൽ നടത്തിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ ഇടപെട്ടത് നയലംഘനമാണെന്ന് നേതാവ് ആനന്ദ് ശർമ ആരോപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയോടോ ഡെമോക്രാറ്റുകളോടോ പക്ഷംപിടിക്കാത്ത നയമാണ് ഇതുവരെ ഇന്ത്യ എടുത്തിരുന്നതെന്ന് ശർമ പറഞ്ഞു.

കോൺഗ്രസിന്റെ ആരോപണം അപഹാസ്യമാണെന്ന് ബി.ജെ.പി. തിരിച്ചടിച്ചു. ഹൗഡി മോദിയുടെ വൻ വിജയത്തിൽ കോൺഗ്രസ് അസ്വസ്ഥരാണെന്ന് പാർട്ടി ഐ.ടി സെൽ നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി.

content highlights: Modi should not be a camapigner of Trump says Congress, Howdy modi