ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യ-ചൈന ഉന്നതതല ചർച്ചയിലാണ് ഷിയുടെ പരാമർശം.
തനിക്കും സംഘത്തിനും ലഭിച്ച ആതിഥേയത്വത്തെ ഷി പുകഴ്ത്തി. “ചൈനീസ് സർക്കാരിന്റെ പ്രതിനിധികളോട് പ്രധാനമന്ത്രി മോദിയും ഇന്ത്യൻ സർക്കാരും തമിഴ്നാട്ടിലെ ജനങ്ങളും സൗഹാർദപരമായ സമീപനമാണ് പുലർത്തുന്നതെന്ന് മനസ്സിലായി. നിങ്ങളുടെ ആതിഥ്യമര്യാദ ഞങ്ങളെ വല്ലാതെ കീഴ്‍പ്പെടുത്തി. ഇക്കാര്യത്തിൽ എനിക്കും എന്റെ സഹപ്രവർത്തകർക്കും വലിയ സന്തോഷമുണ്ട്. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിത്”- ഷി പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോവാക്കും ചിരിയോടെ കേട്ടും ഇടയ്ക്കിടെ തലയാട്ടിയും പ്രധാനമന്ത്രി മോദിയും ഒപ്പമുണ്ടായിരുന്നു.