താൽചെർ (ഒഡിഷ): മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷത്തിനെതിരേ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റുള്ളവർ തീരുമാനമെടുക്കാൻ ഭയപ്പെട്ടിരുന്ന വിഷയങ്ങളിൽ തന്റെ സർക്കാർ ധീരമായി തീരുമാനങ്ങളെടുത്തെന്നും മുത്തലാഖ് അതിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒഡിഷയിലെ താൽചെറിൽനടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തപ്പോൾ രാജ്യസഭയിൽ അതു തടസ്സപ്പെടുത്താൻ ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. മുത്തലാഖ് ബിൽ രാജ്യസഭയിൽ കൊണ്ടുവന്നപ്പോഴുണ്ടായ പ്രതിപക്ഷബഹളങ്ങളെ ഉന്നംവെച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

താൽചെർ വളനിർമാണശാലയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. വളനിർമാണശാലയും തന്റെ സർക്കാരിന്റെ നേട്ടമായി അദ്ദേഹം ഉയർത്തിക്കാട്ടി.