ന്യൂഡൽഹി: രണ്ടാമതും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്. ദ്വീപുസമൂഹത്തിലെ ജനാധിപത്യ പരിഷ്കാരങ്ങളോടുള്ള ഇന്ത്യയുടെ പിന്തുണ പ്രകടമാക്കുന്നതാവും പ്രധാനമന്ത്രിയുടെ സന്ദർശനം.

ജൂണിലാരംഭിക്കുന്ന മോദിയുടെ നയതന്ത്ര സന്ദർശന പട്ടികയിലെ ആദ്യ രാജ്യമാണ്‌ മാലദ്വീപ്. ജൂൺ 13-14 തീയതികളിൽ കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ െവച്ചു നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ സംഘടനയുടെ ഉച്ചകോടി, ജപ്പാനിലെ ഒസാക്കയിൽ െവച്ച് ജൂൺ 28-29 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടി എന്നിവയാണ് പട്ടികയിലെ അടുത്ത പരിപാടികൾ.

ബിഷ്‌കെക്കിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇവിടെെവച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും കാണാൻ സാധ്യതയുണ്ട്. ഡൊണാൾഡ് ട്രംപടക്കമുള്ള ഒട്ടേറെ ലോകനേതാക്കളുമായി ജൂൺ അവസാനം നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ മോദി ചർച്ച നടത്തും.

Content Highlights: modi's first world tour to maldives