കേദാർനാഥ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടപ്രചാരണവും പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ കേദാർനാഥ് ഗുഹയിൽ ധ്യാനത്തിനെത്തി. രണ്ടുദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിനായി ശനിയാഴ്ചയെത്തിയ അദ്ദേഹം, കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷമാണ് അടുത്തുള്ള ’രുദ്ര ഗുഹ’യിൽ ധ്യാനനിമഗ്നനായത്. ഞായറാഴ്ച രാവിലെവരെയാണ് ധ്യാനം. ബദരീനാഥും സന്ദർശിച്ചശേഷം ഉച്ചകഴിഞ്ഞ് അദ്ദേഹം ഡൽഹിക്കു മടങ്ങും. മോദിയുടെ മണ്ഡലമായ വാരാണസിയിൽ ഞായറാഴ്ചയാണു വോട്ടെടുപ്പ്.

രാവിലെ ജോളിഗ്രാന്റ് വിമാനത്താവളത്തിലെത്തിയ മോദി അവിടെനിന്ന് ഹെലികോപ്റ്ററിൽ നേരെ കേദാർനാഥിലേക്കു പോയി. ഉത്തരാഖണ്ഡിലെ പഹാഡി ഗോത്രക്കാരുടെ പരമ്പരാഗതവേഷമണിഞ്ഞാണ് അദ്ദേഹം കേദാർനാഥ് ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂർ പ്രാർഥിച്ച അദ്ദേഹം, ക്ഷേത്രത്തിനു വലംവെച്ചാണ് മടങ്ങിയത്. മോദിക്കു പ്രദക്ഷിണംചെയ്യാനായി ക്ഷേത്രത്തിനുചുറ്റും ചുവപ്പുപരവതാനി വിരിച്ചിരുന്നു.

തുടർന്നു ഗുഹയിലെത്തി. പ്രധാനമന്ത്രിക്ക് ചാരിയിരുന്നു ധ്യാനിക്കാനായി ഗുഹയിൽ മെത്തയും തലയണയും ഒരുക്കിയിരുന്നു. കാവിപുതച്ചായിരുന്നു ധ്യാനം. മൂന്നുവർഷത്തിനിടെ നാലാംതവണയാണ് മോദി കേദാർനാഥിലെത്തുന്നത്.

ധ്യാനിക്കാൻ പോകുംമുമ്പ് കേദാർനാഥ് വികസനപദ്ധതിയുടെ പുരോഗതി വിലയിരുത്തി. 2013-ലെ പ്രളയത്തിൽ വൻനാശമുണ്ടായ കേദാർനാഥിന്റെ പുനർനിർമാണത്തിനായി ആവിഷ്കരിച്ചതാണ് പദ്ധതി.

മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന് ഓർമപ്പെടുത്തിയാണ് ഉത്തരാഖണ്ഡ് സന്ദർശനത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ മോദിക്ക് അനുമതി നൽകിയത്.

രുദ്ര ഗുഹ

കേദാർനാഥ് താഴ്‌വരിയിൽ പ്രകൃതിദത്തമായ ഒട്ടേറെ ഗുഹകളുണ്ടെങ്കിലും മോദി ധ്യാനിച്ച ഗുഹ അത്തരത്തിലുള്ളതല്ല. കേദാർനാഥ് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ കഴിഞ്ഞവർഷം നിർമിച്ചതാണിത്. ’രുദ്ര ഗുഹ’ എന്നാണു പേര്. മോദിയാണ് ഗുഹ നിർമിക്കുന്നതിനുള്ള ആശയം നൽകിയതെന്ന് അദ്ദേഹത്തോട് അടുത്തകേന്ദ്രങ്ങൾ പറഞ്ഞു.

ധ്യാനത്തിനുള്ള സ്ഥലമാണെങ്കിലും ഗുഹയിൽ ടെലിഫോണും വൈദ്യുതിയുമുണ്ട്. വേണമെങ്കിൽ ഭക്ഷണവും കിട്ടും. സമുദ്രനിരപ്പിൽനിന്ന് 12,000 അടി ഉയരത്തിലുള്ള ഗുഹയ്ക്ക് അഞ്ചുമീറ്ററാണ് നീളം, മൂന്നു മീറ്റർ വീതിയും.

content highlights: Modi meditates in kedarnath caves