ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കേ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. പ്രധാനമന്ത്രിയെ നീചനെന്നു വിശേഷിപ്പിച്ച അയ്യരുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരേ ബി.ജെ.പി.യും തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ടും രംഗത്തെത്തിയതോടെ സംഭവം കൊഴുത്തു. ഒടുവില്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും, അയ്യരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ് മുഖംരക്ഷിച്ചു. പ്രാഥമികാംഗത്വത്തില്‍നിന്നാണ് അയ്യരെ സസ്പെന്‍ഡ് ചെയ്തത്. കൂടാതെ കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ 'ഗാന്ധിയന്‍ നേതൃത്വ'ത്തെയും, രാഷ്ട്രീയ എതിരാളിയോടുള്ള ബഹുമാനവുമാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

അംബേദ്കറെ മായ്ച്ചുകളയാന്‍ ശ്രമം- മോദി

അംബേദ്കറുടെ പേരു പറഞ്ഞ് വോട്ടുപിടിക്കുന്നവര്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. ചിലര്‍ ബാബാ സാഹിബിനുപകരം ബാബാ ഭോലെയെ (ശിവന്‍) കുറിച്ചാണ് സംസാരിക്കുന്നത്. (താനൊരു ശിവഭക്തനാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയ്ക്ക് പരോക്ഷ പരിഹാസം) അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ നിര്‍മാണം 1992-ല്‍ വിഭാവനംചെയ്തതാണ്. 23 വര്‍ഷം ഒന്നും സംഭവിച്ചില്ല. അംബേദ്കറുടെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നവര്‍ ഇങ്ങനെയൊരു പദ്ധതി പൂര്‍ത്തിയാകാതെ കിടപ്പുണ്ടെന്ന് ഓര്‍ക്കുകപോലും ചെയ്തില്ല.

മോദി നീചന്‍ - അയ്യര്‍

മോദി നീചനായ മനുഷ്യനാണ്. അദ്ദേഹത്തിന് സഭ്യതയില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവായിരുന്നു അംബേദ്കറുടെ കഴിവ് കണ്ടെത്തി അത് പ്രയോജനപ്പെടുത്തിയത്. അംബേദ്കറുടെ പേരിലുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴെങ്കിലും ഇത്തരം ദുഷിച്ച രാഷ്ട്രീയം പ്രയോഗിക്കുന്നതെന്തിനാണ് ?

ജനം മറുപടി പറയും- മോദി

അവര്‍ക്കെന്നെ നീചനെന്ന് വിളിക്കാം. അതെ, ഞാന്‍ സമൂഹത്തിലെ ദരിദ്രവിഭാഗത്തില്‍ ജനിച്ചയാളാണ്.  എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ദരിദ്രര്‍ക്കുവേണ്ടിയും ദളിതര്‍, ആദിവാസികള്‍, ഒ.ബി.സി.ക്കാര്‍ എന്നിവര്‍ക്കുവേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലൊരു അവസ്ഥയില്‍നിന്ന് വരുന്നയാള്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത് കണ്ട് എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ അത് മുഗള്‍ മനോഭാവമാണ്. അവരുപയോഗിക്കുന്ന മോശം ഭാഷയ്ക്ക് ഗുജറാത്തിലെ ജനം മറുപടി നല്‍കും

അയ്യര്‍ മാപ്പുപറയണം - രാഹുല്‍

കോണ്‍ഗ്രസിന് ഒരു വ്യത്യസ്തസംസ്‌കാരവും പാരമ്പര്യവുമുണ്ട്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത ശൈലിയെയും ഭാഷയെയും ഞാന്‍ അഭിനന്ദിക്കില്ല.  അയ്യര്‍ മാപ്പുപറയുമെന്ന് ഞാനും കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു.

ഒടുവില്‍ മാപ്പ്

'ഞാനൊരു ഫ്രീലാന്‍സ് കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയില്‍ ഒരുസ്ഥാനവും വഹിക്കുന്നില്ല. അതുകൊണ്ടുതന്നെ മോദിയുടെ ഭാഷയില്‍ അദ്ദേഹത്തിന് മറുപടി നല്‍കാം. നീചന്‍ എന്ന വാക്കിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്.  പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നില്ല. എനിക്ക് ഹിന്ദി അറിയില്ല. ഈ വാക്കിന് ജാത്യര്‍ഥം ഉണ്ടെങ്കില്‍ മാപ്പുചോദിക്കുന്നു.'  2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദിയെ 'ചായ്വാല' എന്നുവിളിച്ച അയ്യരുടെ പരാമര്‍ശം വന്‍വിവാദമായിരുന്നു. തുടര്‍ന്നുള്ള തങ്ങളുടെ പ്രചാരണത്തില്‍ ബി.ജെ.പി. ഇതുപയോഗിച്ചാണ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.