ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പേരിലുള്ള ലൈംഗികാരോപണം അന്വേഷിച്ച ആഭ്യന്തര സമിതിയിൽ വിരമിച്ച ജഡ്ജിമാരായിരുന്നു വേണ്ടതെന്ന്‌ വ്യക്തമാക്കി സുപ്രീംകോടതി ജഡ്ജിമാർക്ക് താൻ കത്തെഴുതിയിരുന്നതായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. അതേസമയം, ഇക്കാര്യത്തിൽ സർക്കാരുമായി തനിക്ക് വലിയ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 22-നാണ് താൻ ആദ്യ കത്തെഴുതിയതെന്ന് കെ.കെ. വേണുഗോപാൽ പറഞ്ഞു. സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ പരാതി പരിശോധിക്കാൻ വിരമിച്ച ജഡ്ജിമാരുടെ സമിതിയുണ്ടാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, പിറ്റേന്നുതന്നെ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതിയുണ്ടാക്കി. വ്യക്തിപരമായാണ് അഭിപ്രായം അറിയിക്കുന്നതെന്ന് വ്യക്തമാക്കി മറ്റൊരുകത്തും അറ്റോർണി അയച്ചിരുന്നു.

ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തിൽ മൂന്ന് സിറ്റിങ് ജഡ്ജിമാരടങ്ങുന്ന സമിതിയാണ് പരാതി പരിശോധിച്ചത്. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിരാ ബാനർജി എന്നിവരായിരുന്നു മറ്റംഗങ്ങൾ. മൂന്നുതവണ ഹാജരായശേഷമാണ് സമിതിയിൽ അവിശ്വാസം പ്രകടിപ്പിച്ച് പരാതിക്കാരി പിന്മാറിയത്. എന്നാൽ, നടപടികളുമായി മുന്നോട്ടുപോയ സമിതി, ചീഫ് ജസ്റ്റിസിനെ വിളിച്ചുവരുത്തുകയും പിന്നീട് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകി റിപ്പോർട്ട് നൽകുകയും ചെയ്തു. സമിതിയുടെ നടപടിക്രമങ്ങളെക്കുറിച്ച് മുതിർന്ന അഭിഭാഷകരും നിയമവിദഗ്ധരുമെല്ലാം വിയോജിപ്പറിയിച്ചിരുന്നു.

പരാതിക്കാരിക്ക് അഭിഭാഷകരെ ഹാജരാക്കാൻ അനുവാദം നൽകണമെന്നുകാട്ടി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കത്തയച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അറ്റോർണി ജനറലിന്റെ കത്തുസംബന്ധിച്ച വാർത്തകൾ വന്നത്.

Content Highlights: Modi, Handling of CJI Gogoi Issue, Venugopal May Quit