ന്യൂഡല്‍ഹി: ഭരണം നാലാം വര്‍ഷത്തേക്കു കടക്കുമ്പോള്‍ നേരിടേണ്ടിവരുന്ന അവിശ്വാസപ്രമേയം മോദിസര്‍ക്കാരിന് ഭരണപരമായി പ്രതിസന്ധി സൃഷ്ടിക്കില്ലെങ്കിലും രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേല്‍പ്പിക്കും. അവിശ്വാസപ്രമേയം ആയുധമാക്കി മറ്റു സഖ്യകക്ഷികള്‍ പ്രാദേശിക ആവശ്യങ്ങളുന്നയിച്ച് ഭരണമുന്നണിയായ എന്‍.ഡി.എ.ക്കുമേല്‍ കടുത്ത സമ്മര്‍ദമുയര്‍ത്താന്‍ സാധ്യതയുണ്ട്.

എന്‍.ഡി.എ.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രണ്ടാംവട്ടമാണ് അവിശ്വാസപ്രമേയം നേരിടേണ്ടിവരുന്നത്. 1999-ലെ 13 മാസം പ്രായമുള്ള വാജ്‌പേയി സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തെ അതിജീവിക്കാതെ പുറത്തുപോയെങ്കില്‍, വന്‍ ഭൂരിപക്ഷമുള്ള മോദി സര്‍ക്കാരിന് അത് വെല്ലുവിളിയാവില്ലെന്നുറപ്പാണ്.

പ്രമേയത്തില്‍ ലോക്‌സഭയില്‍ വോട്ടെടുപ്പോ ശബ്ദവോട്ടെടുപ്പോ നടത്തിയാലും ഭരണപക്ഷത്തിനാവും വിജയം. 536 അംഗ ലോക്‌സഭയില്‍ എന്‍.ഡി.എ.യ്ക്ക് 315 അംഗങ്ങളാണുണ്ടായിരുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി.ജെ.പി.ക്ക് തനിച്ച് 274 അംഗങ്ങളായി കുറഞ്ഞു. അധികാരത്തിലേറിയപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഏഴ് അംഗങ്ങളാണ് അവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടത്. എന്‍.ഡി.എ.യിലെ കക്ഷികള്‍ക്ക് 41 അംഗങ്ങളുണ്ട്. അവിശ്വാസപ്രമേയം അവതരിപ്പിച്ച വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളാണുള്ളത്.

ബി.ജെ.പി.യുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേന അവിശ്വാസപ്രമേയത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. അവര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാലും ബി.ജെ.പി.ക്ക് സാങ്കേതികമായി പ്രതിസന്ധിയില്ല. മോദിയുമായും ബി.ജെ.പി.യുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.എ.ഡി.എം.കെ.യ്ക്ക് 37 അംഗങ്ങളാണുള്ളത്. അവര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിക്കില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

അവിശ്വാസപ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ച രാഷ്ട്രീയവിചാരണയായി മാറുമെന്നതാണ് ബി.ജെ.പി.യെ കുഴക്കുന്നത്. കേന്ദ്രഭരണം, തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങള്‍, നടപ്പാക്കിയവ, വാഗ്ദാനലംഘനങ്ങള്‍ തുടങ്ങിയവ വിലയിരുത്തപ്പെടും. പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് ഒരുവര്‍ഷം മാത്രം നില്‍ക്കെ ഇത് ബി.ജെ.പി.ക്ക് രാഷ്ട്രീയായി ഏറെ ക്ഷീണമുണ്ടാക്കും.

സഭയില്‍ 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പരിഗണനയ്‌ക്കെടുക്കണമെന്നാണ് ലോക്‌സഭാ ചട്ടം. യു.പി.എ.ക്ക് മാത്രം 52 അംഗങ്ങളുള്ള സ്ഥിതിക്ക് പ്രതിപക്ഷം ആ കടമ്പ കടക്കുമെന്നുറപ്പാണ്. കൂടാതെ എന്‍.ഡി.എ. വിട്ട തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.)യുടെ 16 എം.പി.മാരും പ്രമേയം അവതരിപ്പിക്കുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസും പ്രമേയത്തെ പിന്തുണയ്ക്കുമെന്നുറപ്പാണ്. ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. തുടങ്ങിയ കക്ഷികളുടെയും പിന്തുണ പ്രമേയത്തിനുണ്ടാവും.

മന്ത്രിസഭയ്‌ക്കെതിരേ അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം ക്രമപ്രകാരമാണെന്ന് സ്​പീക്കര്‍ വ്യക്തമാക്കിയാല്‍, ചര്‍ച്ചയ്ക്കായി സമയം നിശ്ചയിക്കും. ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം പ്രധാനമന്ത്രിയോ മന്ത്രിമാരോ മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച അംഗത്തിന് പ്രതികരിക്കാന്‍ സമയം നല്‍കും. തുടര്‍ന്ന് വോട്ടെടുപ്പ് വേണോ ശബ്ദവോട്ട് വേണോ എന്ന് സഭ നിശ്ചയിക്കും.

എന്‍.ഡി.എ.-315

ബി.ജെ.പി.-274

ശിവസേന-18

എല്‍.ജെ.പി.-ആറ്

മറ്റു കക്ഷികള്‍-17