അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'രാഷ്ട്രപിതാവ്' എന്നുവിശേഷിപ്പിച്ച ബി.ജെ.പി. വക്താവ് സാംപിത് പത്രയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. മഹാത്മാഗാന്ധിയെ അവഹേളിച്ചതിന് മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയ്ക്കിടെ മോദിയെ 'ദേശ് കാ ബാപ്' എന്നാണ് സാംപിത് പത്ര വിശേഷിപ്പിച്ചത്.

നീചന്‍ എന്ന് മോദിയെ വിളിച്ച മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് കാണിച്ച അതേ ആര്‍ജവം ബി.ജെ.പി.യും കാണിക്കണമെന്നും പത്രയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

'ഗാന്ധിയെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. ഇതേ ബി.ജെ.പി. തന്നെയാണ് നാഥുറാം ഗോഡ്‌സെയ്ക്ക് മധ്യപ്രദേശില്‍ ക്ഷേത്രം പണിതത്. ബി.ജെ.പി.യുടെ ഒരു സംസ്ഥാനമന്ത്രിയാണ് ഗോഡ്‌സെയെ മഹാപുരുഷന്‍ എന്ന് വിശേഷിപ്പിച്ചത്'- സുര്‍ജേവാല പറഞ്ഞു.